ശൈഖ മൗസയുടെ നേതൃത്വത്തില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഫോറം

Posted on: September 25, 2013 2:35 pm | Last updated: September 25, 2013 at 2:35 pm

ദോഹ: ഖത്തറില്‍ സാമൂഹ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ഉന്നതാധികാരങ്ങളോട് കൂടിയ പുതിയ ‘ഫോറ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശൈഖ മൗസ ബിന്‍ത് നാസര്‍ നിര്‍വ്വഹിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്നാണു സംഘടന അറിയപ്പെടുക. രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന വിവിധ തരം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുകയും സമാനലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് ഫോറത്തിന്റെ ലക്ഷ്യം. സാമൂഹിക സന്നദ്ധ സേവന രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ ഓര്‍ഫന്‍സ്,ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ കെയര്‍ ഓഫ് ദ എല്‍ടെര്‍ലി, ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ആന്‍ഡ് സോഷ്യല്‍ റിഹാബിലിറ്റേഷന്‍ (ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ ചൈല്‍ഡ് ആന്‍ഡ് വുമണ്‍ പ്രൊട്ടക്ഷന്‍, ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ കൊമ്പേറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗ് ആന്‍ഡ് സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍), ഷാഫല്ലാ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ വിത്ത് സ്‌പെഷ്യല്‍ നീഡ്‌സ്, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ എന്നിവയുടെ മേല്‍നോട്ടം ഇനിമുതല്‍ ഫോറത്തില്‍ നിക്ഷിപ്തമായിരിക്കും. ഈ രംഗത്തേക്കുള്ള പുതിയ കാല്‍വെപ്പ് ഖത്തറിന്റെയും ശൈഖ മൗസയുടെയും മികച്ച സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. ഖത്തറിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കുകയും അവയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ കരുത്ത് പകരുകയും ചെയ്യുന്ന രീതിയില്‍ ശൈഖ മൗസയുടെ മഹത്തായ ഇടപെടല്‍ പ്രശംസ മുഴുവനാളുകളുടെയും പിടിച്ചു പറ്റിക്കഴിഞ്ഞിട്ടുണ്ട്.