മഞ്ചേരി മെഡിക്കല്‍ കോളജ്: അടിയന്തര യോഗം ഇന്ന്

Posted on: September 25, 2013 1:37 am | Last updated: September 25, 2013 at 1:37 am

മലപ്പുറം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ) രണ്ടാംഘട്ട പരിശോധനക്ക് മുമ്പായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരും.
എം സി ഐയുടെ അംഗീകാരം ലഭിക്കണമെങ്കില്‍ പല നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒഴിഞ്ഞു കിടക്കുന്ന 150ലേറെ തസ്തികകള്‍ നിത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളാകും പ്രധാനമായും ചര്‍ച്ചക്ക് വരിക. നേരത്തെ നടന്ന പരിശോധനയില്‍ എം സി ഐ നിര്‍ദേശിച്ചതാണിവ. എം സി ഐ നിര്‍ദേശിച്ച നിര്‍മാണ പ്രവൃത്തികള്‍ ജനുവരിക്കകം പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം സംവിധാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ജനുവരി അവസാനവാരമാണ് രണ്ടാംഘട്ട പരിശോധന. അതിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ക്ലാസുകള്‍ തുടങ്ങാന്‍ ആദ്യവര്‍ഷത്തില്‍ 108 തസ്തിക സൃഷ്ടിച്ചെങ്കിലും 15 അധ്യാപരെ കോളജില്‍ ഹാജരായുള്ളൂ. മെഡിക്കല്‍ കോളജിന്റെ ഭാഗമായി കാണിച്ച ജനറല്‍ ആശുപത്രിയിലെ ഒ പിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി ആധുനിക സൗകര്യത്തോടുകൂടിയുള്ള പരിശോധന ക്ലിനിക്കുകളും മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പിഡിയാട്രിക്‌സ്, ഒപ്താമോളജി ലക്ചറര്‍ ഹാളുകള്‍, ഡെമോണ്‍സ്‌ട്രേഷന്‍ ഹാള്‍, ഡിസ്‌കഷന്‍ ഹാളുകള്‍ പൂര്‍ത്തിയാക്കി നവംബര്‍ അവസാനത്തോടെ പൂര്‍ണ വിവരങ്ങള്‍ എം സി ഐക്ക് സമര്‍പ്പിക്കേണ്ടതുണ്ട് എന്നതും വെല്ലുവിളിയാണ്. കുടിവെള്ള വിതരണത്തിനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിക്കാത്തതും കോളജിനെ ഭാവി പ്രതികൂലമായി ബാധിച്ചേക്കാം. ഇക്കാര്യങ്ങളിലുള്ള അനിശ്ചിതത്വം നീക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യോഗം രൂപം നല്‍കുക.