ഇന്നത്തെ പരിശോധനയില്‍ കുടുങ്ങിയാല്‍ പെട്ടത് തന്നെ

Posted on: September 25, 2013 1:36 am | Last updated: September 25, 2013 at 1:36 am

തിരൂര്‍: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് തുടരുന്ന പരിശോധനയുടെ ഭാഗമായി തിരൂര്‍, കുറ്റിപ്പുറം, കൂട്ടായി, ഉണ്ണ്യാല്‍, താനൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് പരിശോധനക്കായി ഉന്നത ഉദ്യോഗസ്ഥരെത്തുന്നു.
ഇന്നത്തെ പരിശോധനയില്‍ കുടങ്ങുന്ന നിയമലംഘകരെ കര്‍ശനമായ പിഴയും നിയമനടപടികളുമാണ് കാത്തിരിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാത്തവര്‍, ബൈക്കില്‍ മൂന്ന് പേര്‍ യാത്രചെയ്യുക, വേഗപരിധി ലംഘിക്കുക, കൂളിംഗ് ഫിലിം നീക്കാത്തവര്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ അതിശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബൈക്കിലെ മൂന്ന് പേരുടെ യാത്ര, അമ്പത് കിലോമീറ്റര്‍ പരിധി ലംഘനം എന്നിവക്കായി പിടികൂടുന്നവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ പി വി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് പരിശോധന. ഓവര്‍ സ്പീഡിലും ഹെല്‍മറ്റില്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. മലപ്പുറം ആര്‍ ടി ഒ എം പി അജിത് കുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഷാജി ജോസഫ് എന്നിവരും കമ്മീഷണറുടെ സ്‌ക്വാഡും കൂടെയുണ്ടാകും.ജില്ലയിലെ ഇന്നലെ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 130 പേരില്‍ നിന്ന് പിഴചുമത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഡെപൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനറുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം ഉപയോഗിച്ച് വാഹന പരിശോധന നടത്തുമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.