കുഞ്ഞോം കുങ്കിച്ചിറ വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍

Posted on: September 25, 2013 12:30 am | Last updated: September 25, 2013 at 12:30 am

കല്‍പറ്റ: തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറക്കടുത്ത വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ നടത്തി.
ഇന്നലെ ഉച്ചക്ക് 12 ഓടെ കല്‍പ്പറ്റ ക്രൈംഡിറ്റാച്‌മെന്റ് ഡി.വൈ.എസ്.പി എ ജെ ജോര്‍ജിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. ആഗസ്ത് 31 ന് വനത്തിനുള്ളില്‍ അഞ്ചംഗ സായുധസംഘത്തെ കണ്ടെന്ന കുമ്പാറ കോളനിയിലെ മൂന്ന് ആദിവാസികള്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണിന്റെതായ ലഘുലേഖകള്‍ സംഘം ഇവര്‍ക്ക് നല്‍കുകയും ഇവരോട് അരി ആവശ്യപ്പെടുകയും ചെയ്തിരുന്നുവത്രെ. വീട് ദൂരെയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ നടത്തുന്ന പോരാട്ടങ്ങളില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കാട്ടിലേക്ക് മറഞ്ഞതായാണ് ആദിവാസികള്‍ പോലിസിനെ അറിയിച്ചത്. ഭയം കാരണമാണ് വിവരം നേരത്തെ പോലിസിനെ അറിയിക്കാതിരുന്നതെന്നാണ് സായുധ സംഘത്തെ കണ്ട കോളനിയിലെ ചന്ദ്രന്‍ പോലിസിനോട് പറഞ്ഞത്. സംഘത്തലവന്‍ രൂപേഷാണെന്ന് പോലിസ് കാണിച്ച ഫോട്ടോയിലൂടെ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്നോടെ അവസാനിപ്പിച്ച തിരച്ചിലില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുസ്തഫയുടെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ടിലെ 30 അംഗ സംഘവും വെള്ളമുണ്ട പോലിസും പേരിയ ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥരും ആദിവാസികളും പങ്കെടുത്തു.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മേപ്പാടിയിലും വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ 25പേരും വനം ഉദ്യോഗസ്ഥരും പങ്കെടുത്തു.
സായുധ മാവോയിസ്റ്റ് സംഘത്തില്‍ പശ്ചിമഘട്ട സ്‌പെഷല്‍ മേഖലാ സമിതിയില്‍പ്പെട്ട നേത്രാവതി ദളത്തിന്റെ മിലിട്ടറി കമാന്‍ഡര്‍ വിക്രംഗൗഡയെന്ന ശ്രീകാന്ത്, മലയാളിയായ രൂപേഷ് എന്നിവര്‍ ഉണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജില്ലയിലുള്ള മാവോയിസ്റ്റുകള്‍ മേപ്പാടി വനമേഖലയിലൂടെ മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലിസ് നിഗനമം. ഇതേ തുടര്‍ന്നാണ് മേപ്പാടിയില്‍ പരിശോധന കര്‍ശനമാക്കിയത്. ചാലിയാര്‍ പുഴ കടന്ന് നിലമ്പൂര്‍ അട്ടമലമേപ്പടി വഴിയാവും ഇവര്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും പോലിസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് പടിഞ്ഞാറത്തറയിലെ കരിങ്കണ്ണിക്കുന്ന് ആദിവാസി കോളനിയില്‍ അപരിചതരായ ഏഴ്‌പേര്‍ തോക്കുമായി എത്തിയെന്ന പരാതിയില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് ആദിവാസി കോളനികളിലും കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നറിയുന്നു.