Connect with us

Articles

നരഹത്യകളുടെയും നുണകളുടെയും രാഷ്ട്രീയം

Published

|

Last Updated

ഗുജറാത്ത് മുഖ്യമന്ത്രിയും ഹിന്ദുത്വ രാഷ്ട്രീയത്തിലെ തീവ്ര ധാരയെ പ്രതിനിധാനം ചെയ്യുന്ന സ്വയം സേവകനുമായ നരേനന്ദ്ര മോഡിയാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി. അഡ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും മോഡിയുടെ പ്രഭാവത്തെ അംഗീകരിക്കാത്ത മറ്റു ചില ഉന്നതരെയും തത്കാലത്തേക്ക് ഒതുക്കി നിര്‍ത്തിയാണ് മോഡിയെ മുന്നോട്ടു കൊണ്ടുവന്നത്. ആര്‍ എസ് എസിന്റെ പ്രതീക്ഷകളെയും താത്പര്യങ്ങളെയും അവയുടെ തീവ്രവും ഹിംസാത്മകവുമയ സ്വഭാവങ്ങളോടെ ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തിക തലത്തില്‍ കൊണ്ടുവരാനും യോഗ്യത തെളിയിച്ച വ്യക്തി എന്ന നിലയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തില്‍ ഇന്ന് മോഡിക്കുള്ള പരിഗണനയും പ്രീതിയും ആ ചേരിയില്‍ മറ്റാര്‍ക്കുമില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷം കൊണ്ട് മോഡി ഉണ്ടാക്കിയെടുത്ത ഒരു പ്രതിച്ഛായ സംഘ്‌രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറെ ആവേശകരവും അവരുടെ ഫാസിസ്റ്റ് പ്രവണതകളെയത്രയും സാധൂകരിക്കുന്നതുമാണ്. ബി ജെ പി ചരിത്രത്തില്‍ ഇത്തരമൊരു പ്രതിച്ഛായയും സംഘപ്രീതിയും നേടാന്‍ സാധിച്ച മറ്റൊരാളില്ല എന്നു തന്നെ പറയാം. വര്‍ഗീയതയും ഹിംസാത്മക നയസമീപനങ്ങളും മാധ്യമങ്ങളെ കൂടെ നിര്‍ത്താനാവശ്യമായ പ്രചാരണ തന്ത്രങ്ങളും കുത്തകകളുടെയും വന്‍കിട സമ്പന്നരുടെയും ഇഷ്ടഭാജനകാനുള്ള നയവിരുതും മോഡിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നുവെന്ന സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ തിരിച്ചറിവ് മോഡിയുടെ അപ്രമാദിത്വത്തിലെ ഒരു പ്രധാന ഘടകമാണ്. സംഘ്പരിവാര്‍ രാഷ്ട്രീയം ആത്യന്തികമായി എന്താണോ ലക്ഷ്യമാക്കുന്നത് അത് മോഡിയുടെ ഇന്നലെകളില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്നുണ്ട് ആ രാഷ്ട്രീയ ചേരിക്ക്. അധികാരം നേടിയെടുക്കുകയും അത് നിലനിര്‍ത്തുകയും അധികാരത്തെ ചില സവിശേഷ സ്വാര്‍ഥങ്ങളുടെ നിര്‍വഹണത്തിന് ഉപയോഗിക്കുകയും പണം കുന്നുകൂട്ടുന്ന ആധുനികാസക്തികളെ തലോടുകയും ചെയ്യുന്നതില്‍ കവിഞ്ഞ് ഒരു ധര്‍മരക്ഷയും ഒരു കാലത്തും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നിട്ടില്ല എന്ന അവ്യക്ത യാഥാര്‍ഥ്യത്തെ ഇന്ത്യന്‍ പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുന്നുണ്ട് ബി ജെ പിയിലെ ഇപ്പോഴത്തെ അപ്രമാദിത്വം.
ഗുജറാത്തിനെ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു സംസ്ഥാനമാക്കി മാറ്റുക എന്നതു മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ദിവസം തന്നെ നരേന്ദ്ര മോഡിയുടെ ഉള്ളിലുണ്ടായിരുന്ന സ്വപ്‌നമാണ്. ശ്രീരാമഭക്തരും ആധ്യാത്മികതയില്‍ തത്പരുരുമായ സനാതന ഹിന്ദുക്കള്‍ സ്വപ്‌നം കാണുന്ന തരത്തിലുള്ള ഒരു ഹിന്ദു രാഷ്ട്രമല്ല മോഡിയുടെത് എന്നത് മറ്റൊരു കാര്യം. അക്രമാസക്ത ഹിന്ദുത്വം എന്ന ഒരു പ്രത്യേക ഹിന്ദുത്വത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത് തൊഗാഡിയ, സിംഗാള്‍ ചേരിയാണെങ്കില്‍ പോലും ആ ഹിന്ദുത്വത്തെ ശക്തിയായ വിധത്തില്‍ പ്രയോഗവത്കരിച്ചത് മോഡിയാണ്. ഗുജറാത്തിലെ കുപ്രസിദ്ധമായ ന്യൂനപക്ഷ നരവേട്ട ആ പ്രയോഗത്തിന്റെ ഒരു പ്രയോഗത്തിന്റെ മാതൃകയായിരുന്നു. ഇത്തരം പ്രയോഗങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഒരു ഹിന്ദു സ്റ്റേറ്റിനെ കുത്തകകളുടെയും വന്‍കിടക്കാരുടെയും പറുദീസയാക്കിമാറ്റിക്കൊണ്ടാണ് തന്റെ സങ്കല്‍പ്പത്തിലുള്ള ഹിന്ദു രാഷ്ട്രത്തിന് രൂപഘടനയുണ്ടാക്കാന്‍ മോഡി ശ്രമിക്കുക എന്ന് ഇതിനകം തെളിയിച്ചതാണ്. റോഡ് വികസനത്തിന് വേണ്ടി നിരത്തുവക്കിലെ ചെറുകിട ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റുകയും സാധാരണ ഹിന്ദുവിന്റെ ആരാധനാ കേന്ദ്രങ്ങളെ അവഗണിക്കുകയും ചെയ്യുന്ന സനാദന ഹിന്ദുക്കള്‍ക്ക് അവരാഗ്രഹിക്കുന്നതു പോലുള്ള ഒരു ഹിന്ദുരാഷ്ട്രത്തെ പ്രതീക്ഷിക്കാനാകില്ല. ആ നിലക്ക് മോഡിയുടെ രാഷ്ട്രീയം യഥാര്‍ഥ ഹിന്ദുത്വത്തിനും ഹൈന്ദവ സമൂഹത്തിനും ഒരു വഞ്ചനാനുഭവമായിത്തീരുക സ്വാഭാവികം. എന്നാല്‍, ഈ കടുത്ത സംസ്‌കാര വഞ്ചനയെ മറച്ചുപിടിച്ചാണ് ഇന്ത്യയെ കീഴടക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുര മോഡി പണിയുന്നത്.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് എക്കാലത്തും വഞ്ചനയുടെയും സത്യസന്ധതയില്ലായ്മയുടെയും സ്വഭാവമുണ്ട്. ആ സ്വഭാവം പരിവാര്‍ രാഷ്ട്രീയത്തിന്റെ ജനിതക ഗുണവുമാണ്. നാളിതുവരെയും ഇന്ത്യയില്‍ സംഘ്പരിവാര്‍ കളിച്ചത് ആ രാഷ്ട്രീയ നാടകം തന്നെയായിരുന്നു. അയോധ്യാ പ്രക്ഷോഭത്തിലും മറ്റും സജീവമായിരുന്ന പല സംഘ്പരിവാര്‍ പ്രവര്‍ത്തകരും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആ ചേരി വിട്ടുപോയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തില്‍ രാമക്ഷേത്ര വികാരത്തിന്റെ പ്രേരണയാല്‍ അടിഞ്ഞുകൂടിയിരുന്ന പല സാത്വിക ഹിന്ദുക്കളും പരിവാറിന്റെ വഞ്ചന തിരിച്ചറിഞ്ഞ് മാറിച്ചിന്തിച്ചിട്ടുമുണ്ട്.
രാമക്ഷേത്ര നിര്‍മാണം എന്ന വൈകാരികതയെ ജ്വലിപ്പിച്ച് ഇന്ത്യയുടെ ഭരണം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ ബി ജെ പിക്ക് അവസരം ലഭിക്കില്ല എന്ന യാഥാര്‍ഥ്യബോധത്തിന്റെ പ്രതിഫലനം കൂടി മോഡിയെ രക്ഷകനായി കാണുന്നതില്‍ ഉണ്ട്. ശ്രീരാമനെ സംഘ്പരിവാര്‍ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു എന്ന് തിരിച്ചറിയുന്ന ഒരു ജനതക്കു മുന്നിലേക്ക് അയോധ്യയില്‍ നിന്ന് തന്റെ പുതിയ ചുമതലയുടെ നിര്‍വഹണാരംഭവുമായി മോഡിയുടെ വിശ്വസ്തനായ അമിത് ഷാ ചെന്നുനില്‍ക്കുമ്പോള്‍ ആ തിരിച്ചറിവിനെ മറികടക്കാന്‍ കൂടിയ തോതിലുള്ള കുതന്ത്രങ്ങള്‍ ആവശ്യമായി വരും. അതെന്തായിരിക്കാം എന്നോര്‍ത്താല്‍ മതനിരപേക്ഷ ഇന്ത്യക്ക് ആപത്ശങ്കകള്‍ സ്വാഭാവികമാണ്. ചതിയും വഞ്ചനയും നുണയും ആദര്‍ശങ്ങളായി സ്വീകരിക്കുകയും ആ ആദര്‍ശങ്ങളൊക്കെ ഗുജറാത്തില്‍ പ്രയോഗിക്കുകയും ചെയ്ത മോഡിയുടെയും ടീമിന്റെയും കൈകളില്‍ മറച്ചുപിടിച്ചിരിക്കുന്ന ബി ജെ പിയുടെ ഭാവി രക്ഷക്കായുള്ള മന്ത്രായുധങ്ങള്‍ എത്ര മാരകങ്ങളായിരിക്കുമെന്ന കാര്യത്തില്‍ ഏതൊരു ഇന്ത്യക്കാരനും ആശങ്കക്ക് അവകാശമുണ്ട്. സംഘ്‌രാഷ്ട്രീയം അതിന്റെ പൈതൃക സ്വഭാവമായി കാത്തു സൂക്ഷിക്കുന്നത് മിഥ്യകളെയും നുണകളെയും ആശയവത്കരിക്കുക, സന്ദര്‍ഭവും സാഹചര്യവും ഒത്തുവന്നാല്‍ ഹിംസയുടെ കിരാത ഉപാധികള്‍ പ്രയോഗിക്കുക എന്നിങ്ങനെ രണ്ടേ രണ്ട് കാര്യങ്ങളെയാണ്. ഹിംസയും നുണയും തമ്മിലുള്ള അസാധാരണമായൊരു ലയനരസതന്ത്രത്തിന്റെ മികച്ച ഉദാഹരണങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുക സംഘ്പരിവാര്‍ രാഷ്ട്രീയ ധാരയില്‍ നിന്നു തന്നെയാണ്.
അയോധ്യയും രാമക്ഷേത്ര നിര്‍മാണവും തിരഞ്ഞെടുപ്പില്‍ ബി ജെ പി ആയുധമാക്കുകയാണെങ്കില്‍ പോലും മുമ്പ് ഉപയോഗിച്ച രീതികളില്‍ ആയിരിക്കില്ല അതെന്ന് മുന്‍കൂട്ടി കാണാവുന്നതാണ്. മോഡിയും സംഘവും പുതിയ രൂപഭാവങ്ങളിലായിരിക്കും രാമക്ഷേത്ര, അയോധ്യാ വികാരങ്ങളെ ഉപയോഗിക്കുക. പഴയ ശൈലിയുടെ വഞ്ചനാത്മകത ഉത്തരേന്ത്യയിലടക്കമുള്ള ഒരു വലിയ വിഭാഗം ബി ജെ പി അനുകൂലികള്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നത് മോഡിയും സംഘവും കണ്ടെത്താതിരിക്കില്ല. പക്ഷേ, ബി ജെ പിയുടെ ഗതികേടിന്റെ പ്രതിഫലനം എന്നു തന്നെ പറയാവുന്ന, മുതിര്‍ന്ന നേതാക്കളുള്ള ആ പാര്‍ട്ടിയുടെ വര്‍ത്തമാന കാല അധഃപതനം എന്നു പോലും വിശേഷിപ്പിക്കാവുന്ന ഒരു നയവൈകല്യവും അബദ്ധതീരുമാനവുമാണ് മോഡിയെ മുന്നോട്ട് വെച്ചത് എന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം ബി ജെ പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മാത്രം ശക്തമായ പുതിയ തന്ത്രങ്ങള്‍ കണ്ടെത്താന്‍ മോഡിക്കും സംഘത്തിനും സാധിക്കില്ലെന്നാണ് ബി ജെ പിയിലെ മോഡിവിരുദ്ധര്‍ ആശ്വസിക്കുന്നത്. മതനിരപേക്ഷ ഇന്ത്യയിലെ സമാധാനചിത്തരായ ഹൈന്ദവ ഭൂരിപക്ഷത്തെ സംബന്ധിച്ച് നരേന്ദ്ര മോഡിക്ക് ഇന്നുള്ള കുപ്രസിദ്ധിയും അവിശുദ്ധ പരിവേഷവും മായ്ച്ചും കഴുകിയും കളയാന്‍ പര്യാപ്തമായ ലേപസുഗന്ധ നിര്‍മിതികളല്ല സംഭവിക്കാന്‍ പോകുന്നത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ തന്റെ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ മോഡി നേടിയെടുത്ത ബി ജെ പിയുടെ ഭാവി പ്രധാനമന്ത്രി, അക്രമാസക്ത ഹൈന്ദവ രാഷ്ട്രീയത്തിന്റെ മാതൃകാപുരുഷന്‍, സംഘ്പരിവാര്‍ സ്പ്‌നങ്ങളുടെ ധ്വജവാഹകന്‍ തുടങ്ങിയ ഫാസിസ്റ്റ് പരിവേഷങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുന്ന ദുരാശയങ്ങളും തന്ത്രങ്ങളുമായിരിക്കും മോഡിയും സംഘവും ഇന്ത്യയില്‍ പ്രയോഗിക്കാന്‍ പോകുന്നത്. ബി ജെ പി എന്ന അത്ര ചെറിയതല്ലാത്ത ഒരു ദേശീയ പാര്‍ട്ടി, ദീനദയാല്‍ ഉപാധ്യായയുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ഏകാത്മകമാനവവാദ-സാംസ്‌കാരിക ദേശീയവാദ രാഷ്ട്രീയം പരണത്ത് വെച്ച് മോഡിസത്തിന്റെ ചോരക്കറ പുരണ്ട പുതിയ സൈദ്ധാന്തികതയില്‍ അഭയം തേടുമ്പോള്‍ അതില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തന്റെ കാല്‍ക്കീഴിലൊതുക്കിയ ഒരു വ്യക്തിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ വിജയം കൂടി ഉള്‍ച്ചേര്‍ന്നുകിടക്കുന്നുണ്ട്. ഈ വിജയമാകട്ടെ, ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് വലിയൊരു പരാജയത്തിന്റെ ശിലാസ്ഥാപനം കൂടിയാണ്. ഇന്ത്യ, ഇന്ത്യയല്ലാതാകുന്ന ഒരാസുരതയിലേക്ക് കൂപ്പ് കുത്താനുള്ള ചില കിരാതാഭിലാഷങ്ങളെ അംഗീകരിക്കുക എന്ന പരാജയത്തിന്റെ ശിലാന്യാസമാണ് ആ മോഡിയന്‍ വിജയം.

ബി ജെ പിക്ക് മോഡി നല്‍കാന്‍ പോകുന്ന പുതിയ പരിവേഷത്തിന്റെയും മോഡിയന്‍ രാഷ്ട്രീയത്തിന്റെ ആകത്തുകയുടെയും മോഡിയും സംഘവും വിഭാവനം ചെയ്യുന്ന ഹൈന്ദവ രാഷ്ട്രീയത്തിന്റെയും നെടും തൂണുകളുടെയും സ്വഭാവം നിര്‍ണയിക്കാന്‍ ഇന്നലെകളിലെയും ഇന്നിന്റെയും മോഡിയെ നിരീക്ഷിച്ചാല്‍ മതിയാകും.
നുണകളും നരഹത്യകളും എന്നീ രണ്ടേ രണ്ട് ഘടകങ്ങള്‍ മാത്രമാണ് ആ സ്വഭാവത്തിനുള്ളത്. ജനതയെയും സമൂഹത്തെയും ഇളക്കിവിട്ട് മുതലെടുപ്പ് നടത്തുകയും സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കുകയും ചെയ്യുന്നതിനായി നണകളെയും തടസ്സമെന്ന് തോന്നുന്ന ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ നരഹത്യകളെയും ഉപയോഗിക്കുന്നതില്‍ തനിക്ക് അല്‍പ്പവും മടിയില്ലെന്ന് മോഡി ഇതിനകം പല തവണ തെളിയിച്ചുകഴിഞ്ഞതാണ്. ഇതുവരെയും എണ്ണം നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത വംശീയ ഉന്മൂലനത്തിലെ അനേകായിരം ഇരകളുടെ നിലവിളികളെ സംഗീതമായി ശ്രവിച്ച ഒരു ഭരണാധികാരിയായി മോഡി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഈ അംഗീകാരത്തെയും ഇതിന്റെ കാര്യകാരണങ്ങളെയും കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ടല്ലാതെ മോഡിക്കും തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങാനാകില്ല.
ലക്ഷക്കണക്കിന് പട്ടിണിക്കാരുടെ ഗുജറാത്ത് എന്ന സംസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും വികസനക്കുതിപ്പുള്ള ഒരു സംസ്ഥാനമായി പരിചയപ്പെടുത്തിയതിലും പൊതുജന സുരക്ഷ തീരെ അവഗണിക്കപ്പെട്ട ഒരു സംസ്ഥാനത്തെ ഏറ്റവും കൃത്യമായ നീതിന്യായ സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ചിത്രീകരിക്കുന്നതിലും തെളിയുന്നത് നുണകളുടെ ആശയവത്കരണമെന്ന മോഡിയുടെ ശൈലി തന്നെയാണ്. ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയില്‍ പതിനയ്യായിരം ഗുജറാത്തികളെ താന്‍ നേരിട്ടുപോയി രക്ഷിച്ചുകൊണ്ടുവന്നുവെന്ന മോഡിയുടെ ഒരു സമീപകാല നുണയെ മറ്റൊരു തരം ഹിന്ദുത്വം കൊണ്ടുനടക്കുന്ന ശിവസേനയുടെ തലപ്പത്തുള്ളവര്‍ക്കു പോലും ചോദ്യം ചെയ്യേണ്ടിവന്നത് മോഡിയുടെ നുണകള്‍ എത്രമാത്രം ജീര്‍ണ സ്വഭാവമുള്ളവയാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ വ്യതിരിക്തവും അര്‍ഥവത്തുമായ ഏതെങ്കിലും നയപരിപാടികള്‍ അവതരിപ്പിക്കാനും നേര്‍ക്കുനേരെ തിരഞ്ഞെടുപ്പ് വിജയത്തിലെത്താനും ശേഷിയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല ബി ജെ പി. താത്കാലിക ലാഭങ്ങള്‍ക്കപ്പുറം ഭാവികാലത്തെ കണ്ടുകൊണ്ടുള്ള സമീപനങ്ങളും ആ പാര്‍ട്ടിക്കില്ല. ഇത്തരം പരിമിതികളെ എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന ആശങ്കയില്‍ നിന്നാണ് മോഡിസത്തില്‍ അഭയം പ്രാപിക്കുക എന്ന തീരുമാനത്തിലെത്താനുള്ള നിര്‍ബന്ധിതാവസ്ഥ രൂപപ്പെട്ടുവന്നത്.
നുണകളും നരഹത്യാവാസനകളും തിളച്ചുമറിയുന്ന മോഡിയുടെ മസ്തിഷ്‌കത്തില്‍ നിന്ന് പറപ്പെട്ടുവരുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എത്രമാത്രം വിഷമയങ്ങളായിരിക്കുമെന്ന് ഭയപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം അകപ്പെട്ടിരിക്കുന്ന ദുരവസ്ഥയെ മോഡിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഭംഗിയായി പ്രതിനിധാനം ചെയ്യുന്നുണ്ട്. മതനിരപേക്ഷവും മനുഷ്യ നിലനില്‍പ്പിന് ഊന്നല്‍ നല്‍കുന്നതുമായ തിരിച്ചറിവുകള്‍ കൊണ്ട് മാത്രമേ മോഡി ഇന്ത്യയിലൊഴുക്കിവിടാന്‍ പോകുന്ന നുണകളുടെ വിഷമാലിന്യങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കൂ. നമ്മുടെ രാജ്യം ഇന്നത്തെ പോലെ നിലനിര്‍ത്താനും മറ്റൊരു വിഭജനം സംഭവിക്കാതിരിക്കാനും മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ഒരു തിരഞ്ഞെടുപ്പ് വിജയം ബി ജെ പിക്ക് നല്‍കാതിരിക്കേണ്ടതുണ്ട് എന്നു ചുരുക്കം.