Connect with us

National

ജമ്മു കാശ്മീരില്‍ മന്ത്രിമാര്‍ക്ക് സൈന്യം പണം നല്‍കാറുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ എല്ലാ മന്ത്രിമാര്‍ക്കും സൈന്യം പണം നല്‍കാറുണ്ടെന്ന് കരസേനാ മുന്‍ മേധാവി വി കെ സിംഗിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ രഹസ്യ ഫണ്ട് വി കെ സിംഗ് ദുരുപയോഗപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയതിന് പിന്നാലെയാണ് വി കെ സിംഗിന്റെ വെളിപ്പെടുത്തല്‍. സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു കാശ്മീരിലെ എല്ലാ മന്ത്രിമാര്‍ക്കും സൈന്യം പണം നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയത്തിന് ഇക്കാര്യം അറിയാമെന്നും സിംഗ് അവകാശപ്പെട്ടു.

വി കെ സിംഗ് കരസേനാ മേധാവിയായിരിക്കെ രൂപവത്കരിച്ച ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഡിവിഷന്‍ (ടി എസ് ഡി) സര്‍ക്കാറിതര സംഘടനക്ക് പണം നല്‍കിയെന്ന വാര്‍ത്തയും സ്ഥിരീകരിച്ചിട്ടുണ്ട്. “ടൈംസ് നൗ” ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിംഗ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജമ്മു കാശ്മീരിന്റെ സ്ഥിരതക്കൊപ്പം ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതിനുമാണ് പണം നല്‍കിയതെന്നാണ് വിശദീകരണം. എല്ലാ മന്ത്രിമാര്‍ക്കും പണം നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഭൂരിഭാഗം മന്ത്രിമാര്‍ക്കും നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. അതില്‍ തന്നെ ചില മന്ത്രിമാരെ പ്രത്യേക ദൗത്യമേല്‍പ്പിച്ചാണ് പണം നല്‍കിയതെന്നും വി കെ സിംഗ് പറഞ്ഞു.

പണം കൈമാറുന്ന കാര്യം മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്ക് അറിയാമായിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയെന്ന നിലയില്‍ ഇതൊന്നും അറിഞ്ഞില്ലെങ്കില്‍ സംസ്ഥാനം ഭരിക്കുന്നില്ലെന്നാണ് അര്‍ഥമെന്ന് വി കെ സിംഗ് തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്നതിനായി ജമ്മു കാശ്മീരിലെ കൃഷി മന്ത്രി ഗുലാം ഹസന്‍ മീറിന് ടി എസ് ഡി വഴി 1.19 കോടി രൂപ നല്‍കിയതായാണ് വാര്‍ത്ത പുറത്തു വന്നിരുന്നത്.
പണം ലഭിച്ചുവെന്നത് മീര്‍ നിഷേധിച്ചിട്ടുണ്ട്. ഒന്നോ അതിലധികമോ തവണ പണം മീറിന് പണം കൈമാറിയിട്ടുണ്ടാകാമെന്നാണ് വി കെ സിംഗ് പറയുന്നത്.

 

Latest