Connect with us

Kannur

സ്പിന്നിംഗ് മില്‍ തൊഴിലാളികള്‍ക്ക് ഉടമസ്ഥാവകാശം പരിഗണിക്കും: കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി

Published

|

Last Updated

കണ്ണൂര്‍: അടച്ചുപൂട്ടുന്ന അവസ്ഥയില്‍ നിന്നും ടെക്‌സ്റ്റൈല്‍ മില്ലുകളെ സംരക്ഷിക്കുന്നതിന് പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മില്‍ തൊഴിലാളികളെ ഷെയര്‍ഹോള്‍ഡര്‍മാരാക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി കെ സാംബശിവറാവു. കണ്ണൂര്‍ സ്പിന്നിംഗ് ആന്‍ഡ്് വീവിംഗ് മില്‍സില്‍ പുതുതായി നിര്‍മിച്ച മില്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചിത ശതമാനം ഉടമസ്ഥാവകാശ ഓഹരികള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് പാര്‍ലിമെന്റില്‍ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സ്റ്റൈല്‍ രംഗത്ത് കേരളത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. ഇന്ത്യയെ ഈ രംഗത്ത് ഒന്നാമത് എത്തിക്കുന്നതില്‍ ഓരോ തൊഴിലാളിയും ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യം വിദേശവ്യാപാര കമ്മി അനുഭവിച്ചു വരികയാണ്.
300 ബില്ല്യണ്‍ ഡോളര്‍ കയറ്റുമതിയും 500 ബില്ല്യന്‍ ഡോളര്‍ ഇറക്കുമതിയുമാണ് നിലവിലുള്ളത്. കമ്മി വരുന്ന 200 ബില്ല്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയിലൂടെ ആര്‍ജിക്കുന്നതിന് ശ്രമം ഉണ്ടാകണം. തൊഴില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് ഏറെ വരുമാനം നേടാവുന്ന മേഖലയാണ് ടെക്‌സ്റ്റൈല്‍ രംഗം. തൊഴില്‍ വൈദഗ്ധ്യം രാജ്യത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കൈത്തറി മേഖലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി കൈത്തറി തൊഴിലാളികളുടെ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കാനും കഴിയും. ഇതുവഴി ചൈനയെ മറികടന്ന് ടെക്‌സ്റ്റൈല്‍ രംഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. ടെക്‌സ്റ്റൈല്‍ വികസനം ലക്ഷ്യമിട്ട് ഇന്ത്യയില്‍ ചെലവഴിച്ച കോടികള്‍ ടെക്‌സ്റ്റൈല്‍ മേഖലക്ക് ഗുണമൊന്നുമുണ്ടാക്കിയില്ലെന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് കോടികള്‍ വിഴുങ്ങിയതെന്നും മന്ത്രി പറഞ്ഞു.

 

Latest