Connect with us

Gulf

വൈറ്റ് പോയന്റ് സംവിധാനം അടുത്ത വര്‍ഷവും തുടരുമെന്ന് പോലീസ്

Published

|

Last Updated

ദുബൈ: നിയമങ്ങള്‍ സസൂക്ഷ്മം പാലിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്സാഹനമായി നല്‍കിവരുന്ന വൈറ്റ് പോയന്റ് സംവിധാനം അടുത്ത വര്‍ഷവും തുടരുമെന്ന് ദുബൈ പോലീസ് വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങള്‍ നടത്താത്ത ഡ്രൈവര്‍മാര്‍ക്കാണ് ബോണസായി ആര്‍ ടി എ വൈറ്റ് പോയന്റ് നല്‍കുന്നത്.

ഇത്തരം ഡ്രൈവര്‍മാരില്‍ നിന്നും പിന്നീട് എന്തെങ്കിലും അതീവ ഗൗരവമല്ലാത്ത നിയമലംഘനങ്ങള്‍ സംഭവിച്ചാല്‍ ബ്ലാക്ക് പോയന്റ് നല്‍കുന്നതിന് പകരം മാതൃകാ ഡ്രൈവര്‍മാരായതിനാല്‍ ലഭിച്ച വൈറ്റ് പോയന്റില്‍ കുറവ് വരുത്തുകയാവും ചെയ്യുക. രാജ്യത്തെ ഒരു എമിറേറ്റിലും ഗതാഗത നിയമലംഘനങ്ങള്‍ നടത്താത്ത 1,000 പേര്‍ക്കാണ് ഇതുവരെ വൈറ്റ് പോയന്റ് സമ്മാനിച്ചതെന്ന് ദുബൈ പോലീസ് മേധാവി ലഫ്. കേണല്‍ ദാഹി ഖല്‍ഫാന്‍ തമീം വ്യക്തമാക്കി.

ആയിരം പേരില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ബമ്പര്‍ സമ്മാനമായി കാര്‍ നല്‍കും മറ്റുള്ളവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും ഗിഫ്റ്റ് വോച്ചറും നല്‍കുമെന്നും അദ്ദേഹം വിശദീകരിച്ചു. വൈറ്റ് പോയന്റ് സംവിധാനം നടപ്പാക്കിയതിനോട് ഡ്രൈവര്‍മാര്‍ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. ഈ പ്രതികരണമാണ് വൈറ്റ് പോയന്റ് സംവിധാനം അടുത്ത വര്‍ഷവും തുടരാന്‍ തീരുമാനിക്കാന്‍ കാരണം.

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇത് ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നതായും തമിം പറഞ്ഞു. സമ്മാനം നല്‍കാനായി അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പുമായി ദുബൈ പോലീസ് മേധാവി ധാരണാ പത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. ദുബൈ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലായിരുന്നു ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പിനായി വൈസ് ചെയര്‍മാനും സി ഇ ഒയുമായ മുഹമ്മദ് ഖലാഫ് അല്‍ ഹബ്ത്തൂറും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ധാരണ പ്രകാരം അടുത്ത രണ്ടു വര്‍ഷം കൂടി ഗ്രൂപ്പ് ദുബൈ പോലീസിനായി സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യും.

റോഡപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് വൈറ്റ് പോയന്റ് സംവിധാനത്തിന് രൂപം നല്‍കിയതെന്ന് ഗതാഗതവിഭാഗം തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫൈന്‍ വ്യക്തമാക്കി. ഇത് ഡ്രൈവര്‍മാരെ നിയമം കര്‍ശനമായി പാലിച്ച് വാഹനം ഓടിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് മാതൃകാ ഡ്രൈവര്‍മാരായി മാറാനും സംവിധാനം ഉപകരിക്കുന്നുണ്ടെന്നാണ് മനസിലാവുന്നത്.
വൈറ്റ് പോയന്റിന് അര്‍ഹരായവര്‍ക്ക് ഇക്കാര്യം വിശദീകരിച്ച് മൊബൈലില്‍ സന്ദേശം നല്‍കും. നിയമലംഘനങ്ങള്‍ക്ക് 24 ബ്ലാക്ക് പോയന്റ് ലഭിച്ചവര്‍ക്ക് വൈറ്റ് പോയന്റിന് അര്‍ഹതയുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest