ധന്വന്തരി ഡയാലിസിസ് നിധി: ബഹുജന കണ്‍വെന്‍ഷന്‍ നാളെ

Posted on: September 24, 2013 12:41 pm | Last updated: September 24, 2013 at 12:41 pm

വടകര: ഗവ. ജില്ലാ ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് നിധി ശേഖരത്തിന്റെ ഭാഗമായുള്ള ബഹുജന കണ്‍വെന്‍ഷന്‍ നാളെ വൈകീട്ട് നാല് മണിക്ക് വടകര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് കോടി രൂപ സമാഹരണ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ധന്വന്തരി ഡയാലിസിസ് നിധിക്ക് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിധി സമാഹരണം വിജയിക്കുന്നതിനായി പഞ്ചായത്ത്തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരണങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. വടകര നഗരസഭ, മണിയൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി, ഒഞ്ചിയം, ചോറോട് പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഏറാമല പഞ്ചായത്ത്തല കമ്മിറ്റി രൂപവത്കരണം ഇന്നും അഴിയൂരില്‍ നാളെയും നടക്കും.
ഒക്‌ടോബര്‍ ഒന്നിന് മുമ്പെ വാര്‍ഡ്തല സമിതികള്‍ രൂപവത്കരിക്കും, ബഹുജന കണ്‍വെന്‍ഷന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. പ്രശ്‌സത യൂറോ സര്‍ജന്‍ റോയി ചാലിയെ ചടങ്ങില്‍ ആദരിക്കും, എം എല്‍ എമാരായ സി കെ നാണു, ഇ കെ വിജയന്‍, കെ കെ ലതിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സി എ ലത, വടകര നഗരസഭാ ചെയര്‍പേഴ്‌സന്‍ പി വി രജിനി, പ്രശ്‌സത കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍, വി ടി മുരളി, റൂറല്‍ എസ് പി. ടി കെ രാജ്‌മോഹന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ മോഹനന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍, ഡോ. സി മോഹന്‍കുമാര്‍, ഡോ. ശ്രീദേവി, എന്‍ ആര്‍ എച്ച് എം ജില്ലാ മേധാവി ഡോ. ബാബുരാജ് എന്നിവരും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സി ഭാസ്‌കരന്‍, ജനറല്‍ കണ്‍വീനര്‍ ഡോ. പീയൂഷ് നമ്പൂതിരി, കണ്‍വീനര്‍മാരായ എടകത്ത് ശ്രീധരന്‍, ടി ഐ നാസര്‍, പി എസ് രഞ്ജിത്ത് കുമാര്‍, പുറതോടത്ത് സുകുമാരന്‍ പങ്കെടുത്തു.