Connect with us

Ongoing News

ഷൊര്‍ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 16 വരെ ഷൊര്‍ണൂര്‍ സ്റ്റേഷനിലെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഷൊര്‍ണൂര്‍ സ്റ്റേഷനിലൂടെയുള്ള എല്ലാ തീവണ്ടികളേയും ഗതാഗത നിയന്ത്രണം ബാധിക്കുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. പാലക്കാട് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും തിരിച്ചും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വരാതെ ലിങ്ക് ലൈന്‍ വഴി പോകുന്ന വണ്ടികളെ നിയന്ത്രണം ബാധിക്കില്ല. എന്നാല്‍ പാലക്കാട് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും തിരിച്ചും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വന്നു പോകുന്ന വണ്ടികള്‍ ഈ കാലയളവില്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പ്രവേശിക്കാതെ ബൈപാസ് ലൈന്‍ വഴി കടന്നുപോകും.

ഈ വണ്ടികള്‍ക്ക് വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഷൊര്‍ണൂരില്‍ ഇറങ്ങേണ്ട റിസര്‍വേഷനുള്ള യാത്രക്കാര്‍ക്കായി റെയില്‍വേ വാഹന ഗതാഗതം ഏര്‍പ്പെടുത്തും. ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ കയറേണ്ട യാത്രക്കാര്‍ വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ നിന്ന് കയറണം.
ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വഴി കടന്നുപോകുന്ന തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് കുറ്റിപ്പുറം-തൃശൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തില്ല. പകരം റിസര്‍വേഷനുള്ള യാത്രക്കാര്‍ക്കായി റെയില്‍വേ വാഹന ഗതാഗതം ഏര്‍പ്പെടുത്തും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് തൃശൂര്‍ വരെയും വേണാട് എക്‌സ്പ്രസ് എറണാകുളം വരെയും മാത്രമേ ഈ കാലയളവില്‍ സര്‍വീസ് നടത്തുകയുള്ളൂ.
നിലമ്പൂരിലേക്ക് പോകുന്ന രാജ്യറാണി എക്‌സ്പ്രസ് ഒക്‌ടോബര്‍ അഞ്ച് മുതല്‍ 15വരെയും നിലമ്പൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഒക്‌ടോബര്‍ ആറ് മുതല്‍ 16 വരെയും ഷൊര്‍ണൂര്‍-നിലമ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തില്ല. പകരം അമൃത എക്‌സ്പ്രസിനൊപ്പം പാലക്കാട്ടേക്ക് പോകുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യും. യാത്രക്കാരുടെ സൗകര്യാര്‍ഥം വണ്ടിക്ക് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ചെന്നൈ-എഗ്‌മോര്‍-മംഗലാപുരം എക്‌സ്പ്രസ് ഒക്‌ടോബര്‍ മൂന്ന് മുതല്‍ 16വരെ പാലക്കാട് വരെ മാത്രമേ സര്‍വീസ് നടത്തൂ. എറണാകുളത്തു നിന്ന് 10.45ന് പുറപ്പെടേണ്ട എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ഒക്‌ടോബര്‍ മൂന്ന്, നാല്, ആറ്, ഏഴ്, 13, 16 തിയതികളില്‍ ഉച്ചക്ക് 12.20നായിരിക്കും പുറപ്പെടുന്നത്.
ഗതാഗത നിയന്ത്രണം ഉള്ള കാലയളവില്‍ പരശുറാം എക്‌സപ്രസിന് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. ഭാഗികമായി റദ്ദ് ചെയ്യപ്പെട്ടിട്ടുള്ള വണ്ടികളിലെ റിസര്‍വേഷനുള്ള യാത്രക്കാര്‍ക്ക് യാത്ര തുടങ്ങുന്നതിന് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും മടക്കി നല്‍കും. യാത്ര ചെയ്തതിന് ശേഷം ക്യാന്‍സല്‍ ചെയ്താല്‍ യാത്ര ചെയ്ത ഭാഗത്തിനുള്ള ചാര്‍ജ് ഈടാക്കുന്നതാണെന്നും റെയില്‍വേ അറിയിച്ചു.