റൂഹാനിയുടെ യു എസ് ബന്ധം: മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

Posted on: September 24, 2013 12:01 am | Last updated: September 24, 2013 at 12:11 am

ടെഹ്‌റാന്‍: ഇറാനില്‍ ആഭ്യന്തരമായ വെല്ലുവിളികള്‍ നേരിടുന്ന പ്രസിഡന്റ് ഹസ്സന്‍ റൂഹാനി അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ മുന്നറിയിപ്പുമായി ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡ്. ആണവ പദ്ധതി സംബന്ധിച്ച് യു എന്‍ ജനറല്‍ അസംബ്ലിയില്‍ ലോകശക്തികളുമായി നടക്കുന്ന ചര്‍ച്ചകള്‍ അനുകൂലമാക്കി ഇറാനെതിരായ ഉപരോധത്തില്‍ ഇളവ് നേടുക എന്ന പ്രതീക്ഷയിലാണ് അമേരിക്കയുമായി റൂഹാനി ബന്ധം പുലര്‍ത്തുന്നതെന്ന നിരീക്ഷണത്തിലാണ് വിദഗ്ധര്‍.

ആണവ പദ്ധതി സംബന്ധിച്ച് പാശ്ചാത്യ ശക്തികളുമായി വ്യവസ്ഥകളില്ലാതെ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും യുറേനിയം സമ്പുഷ്ടീകരണമെന്ന ഇറാന്റെ അവകാശം ലോകശക്തികള്‍ അനുവദിച്ചുതരണെന്നും റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചരിത്രപരമായ അനുഭവത്തിന്റെ പശ്ചാത്തത്തില്‍ അമേരിക്കയുമായുള്ള ബന്ധം സൂക്ഷ്മതയോടെയും സംശയത്തോടെയും കൈകൈര്യം ചെയ്യണമെന്ന് റവല്യൂഷണറി ഗാര്‍ഡ് തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു. 1979ല്‍ രൂപവത്കൃതമായ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡിന് രാഷ്ട്രീയ,സാമൂഹിക , സാമ്പത്തിക രംഗത്ത് വന്‍ സ്വാധീനമുണ്ട്.