ഭിക്ഷാടനത്തിനായി നാല് വയസ്സുകാരനെ പൊള്ളലേല്‍പ്പിച്ചു

Posted on: September 24, 2013 6:00 am | Last updated: September 23, 2013 at 11:50 pm

കണ്ണൂര്‍: ഭിക്ഷാടനത്തിനായി നാല് വയസ്സുകാരനെ മാതാപിതാക്കള്‍ പൊള്ളലേല്‍പ്പിച്ചും കത്തികൊണ്ടു വരഞ്ഞും പരുക്കേല്‍പ്പിച്ചു. കര്‍ണാടക ഹുന്‍സൂര്‍ സ്വദേശിയായ സുരേഷ് എന്ന ബാലനാണ് മാതാപിതാക്കളുടെ കൊടുംക്രൂരതക്ക് ഇരയായത്. ആലക്കോട് ബസ് സ്റ്റാന്‍ഡില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയോട് ഇന്നലെ രാവിലെ വ്യാപാരികളും മറ്റുള്ളവരും കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തറിഞ്ഞത്.

സുരേഷിന്റെ മുഖത്തും കൈകാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും കത്തികൊണ്ട് വരഞ്ഞു മുറിവേല്‍പ്പിച്ച നിലയിലാണ്. ആക്രി സാധനങ്ങള്‍ ശേഖരിച്ച് ജീവിക്കുന്ന ശങ്കര്‍ – രാധ ദമ്പതികളുടെ മകനാണ് സുരേഷ്. സംഭവത്തിനുശേഷം രാധ ഒളിവിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ശങ്കറിനെ കസ്റ്റഡിയിലെടുക്കുകയും സുരേഷിനെ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പൊള്ളലേറ്റ നിലയില്‍ സുരേഷിനെ ഇന്നലെ മാതാവ് ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നതായി ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, കുറേ ദിവസങ്ങള്‍ക്കു മുമ്പ് ഭാര്യ നാട്ടിലേക്ക് തിരിച്ചുപോയെന്നാണ് പോലീസിനോട് ശങ്കര്‍ പറഞ്ഞത്. രാധയെ കസ്റ്റഡിയിലെടുക്കുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.