Connect with us

Kerala

ഹജ്ജ് യാത്രക്ക് നാളെ തുടക്കം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് നാളെ തുടക്കം. രാവിലെ ഒമ്പത് മണിക്ക് ആദ്യ വിമാനം ഹാജിമാരെയും വഹിച്ച് ജിദ്ദയിലേക്ക് പുറപ്പെടും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഫഌഗ് ഓഫ് ചെയ്യും.

ഇന്ന് വൈകുന്നേരത്തോടെ ഹാജിമാരെയും യാത്ര അയക്കാനെത്തുന്നവരെയും കൊണ്ട് ക്യാമ്പ് തിരക്കിലാകും. ക്യാമ്പിലെത്തുന്ന ഹാജിമാര്‍ക്ക് ലഗേജ് കൈമാറുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും യാത്രാ രേഖകള്‍ കൈമാറുകയും ചെയ്യും. ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇരുനൂറ് വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ക്ലീനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്തീകളുടെ വിശ്രമ കേന്ദ്രത്തില്‍ പ്രത്യേക ക്ലിനിക്കും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ ജീവനക്കാരും വനിതകളായിരിക്കും.
ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും കരിപ്പൂര്‍ വഴിയാണ് പുറപ്പെടുന്നത്. ദ്വീപില്‍ നിന്നുള്ള ഹാജിമാരുടെ ചുമതല ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിക്കായിരിക്കും. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ഭാരവാഹികളും പ്രതിനിധികളും അടുത്തയാഴ്ച ക്യാമ്പിലെത്തും. വിമാനം പുറപ്പെടുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പ് ഹാജിമാരെ പ്രത്യേക ബസില്‍ വിമാനത്താവളത്തില്‍ എത്തിക്കും.
മന്ത്രിമാരും ജനപ്രതിനിധികളും മത, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഹജ്ജ് ക്യാമ്പ് സന്ദര്‍ശിക്കാന്‍ എത്തും. ഒക്‌ടോബര്‍ ഒമ്പത് വരെ 29 വിമാനങ്ങളിലായി ഹാജിമാരുടെ യാത്ര തുടരും. 31 മുതല്‍ നവംബര്‍ 15 വരെയായിരിക്കും മടക്ക യാത്ര. തിരിച്ചുവരാനുള്ള എമിഗ്രേഷന്‍ കാര്‍ഡ് മദീനയില്‍ വെച്ചായിരിക്കും ഹാജിമാര്‍ക്ക് നല്‍കുക.