Connect with us

Gulf

മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവര്‍ കൂടുതല്‍ പഠിക്കാന്‍ തയ്യറാവണം:കാന്തപുരം

Published

|

Last Updated

IMG-20130920-WA0034കുവൈത്ത്: കാരന്തൂര്‍ സുന്നി മര്‍കസിന്റെ നേതൃത്വത്തില്‍ 1978 മുതല്‍ നടന്നു വരുന്ന മത-ഭൗതിക വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വ്യക്തമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാത്തവരാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിമര്‍ശിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടരി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുകയും നിലവിലുള്ള സംവിധാനങ്ങള്‍ മതിയാവാതെ വരികയും ചെയ്തതിനാലാണ് നോളജ് സിറ്റിക്കു രൂപം

നല്കി പ്രവര്‍ത്തനം ആരംഭിച്ചതെന്നും മര്‍കസ് ജനറല്‍ സെക്രട്ടരി കൂടിയായ അദ്ദേഹം പറഞ്ഞു. ഐ.സി.എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സാല്‍മിയ സീനിയര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മര്‍കസിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ, മത, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന്ആളുകള്‍ ഇവ ഉപയോഗ പ്പെടുത്തുന്നു. രണ്ടായിരത്തില്പരം പള്ളികളും നൂറുക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയും സഹകരിക്കുകയുമാണു വേണ്ടത്. ഇതൊന്നും മനസ്സിലാക്കാതെ തട്ടിപ്പും ചൂഷണവും ആരോപിച്ച് വിമര്‍ശിക്കുന്നവര്‍ രാജ്യത്ത് എവിടെയെങ്കിലും ഒരു എല്‍.പി മദ്രസയെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ എന്ന് കാന്തപുരം ചോദിച്ചു.

നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും സെക്രട്ടറി അഡ്വ.തന്‍വീര്‍ നന്ദിയും പറഞ്ഞു.

Latest