മാലദ്വീപിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് 28ന്; തിരഞ്ഞെടുപ്പ് ചൂടില്‍ തിരുവനന്തപുരവും

Posted on: September 22, 2013 11:43 pm | Last updated: September 22, 2013 at 11:43 pm

തിരുവനന്തപുരം: ഈ മാസം 28ന് നടക്കുന്ന രണ്ടാം ഘട്ടം മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാലിക്കൊപ്പം തിരുവനന്തപുരവും തിരഞ്ഞെടുപ്പ് ചൂടില്‍. ഇന്ത്യയില്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും മാത്രമാണ് മാലദ്വീപുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുള്ളത്. തിരുവനന്തപുരത്ത് മാലിക്കാരായ 875 വോട്ടര്‍മാരുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്താണ് ഇവരിലേറെയും താമസം.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്തെ മാലിക്കാര്‍ സജീവമായി പങ്കെടുത്തിരുന്നു. ഈ മാസം ഏഴിനായിരുന്നു ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ഘട്ട പോളിംഗില്‍ തിരുവനന്തപുരത്ത് മുഴുവന്‍ വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. കര്‍ണാടകത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍ എത്തിയപ്പോള്‍ പോളിംഗ് സമയം കഴിഞ്ഞിരുന്നു. കാലതാമസം ഒഴിവാക്കാനായി ഇത്തവണ ഇവരെ പ്രത്യേക ബസില്‍ ഒരു ദിവസം മുമ്പെ തലസ്ഥാനത്ത് എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്ക, ലണ്ടന്‍, ക്വാലാലംപൂര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് രാജ്യത്തിന് പുറത്തുള്ള മറ്റ് പോളിംഗ് സ്‌റ്റേഷനുകള്‍. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ മാലി പ്രസിഡന്റ് മുഹമ്മദ് നശീദ് പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു.
ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് വേണ്ടിവന്നത്. ഒന്നാം ഘട്ടത്തില്‍ ഏറ്റവും അധികം വോട്ട് നേടിയ മുന്‍ പ്രസിഡന്റും മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ മുഹമ്മദ് നശീദും ദീര്‍ഘകാലം പ്രസിഡന്റായിരുന്ന മൗമൂണ്‍ അബ്ദുല്‍ ഗയൂബിന്റെ സഹോദരനും പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ യാമീന്‍ അബ്ദുല്ലയുമാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 45.45 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് നശീദ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മൂന്നാം സ്ഥാനത്ത് എത്തിയ ജുംഹൂരി( റിപ്പബ്ലിക്കന്‍) പാര്‍ട്ടിയിലെ ഖാസി ഇബ്‌റാഹിം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 10,750 വോട്ടുകള്‍ മാത്രം നേടിയ ഇടക്കാല പ്രസിഡന്റ് വാഹീദ് ഹസന് നാലാം സ്ഥാനമാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ നേടാന്‍ സാധിച്ചത്. 2,39,593 വോട്ടര്‍മാരാണ് മാലദ്വീപില്‍ ആകെയുള്ളത്. 2008 ല്‍ ജനാധിപത്യരീതിയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍, 30 വര്‍ഷം മാലദ്വീപിന്റെ സര്‍വാധികാരിയായിരുന്ന മൗമൂണ്‍ അബ്ദുല്‍ ഗയൂമിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മുഹമ്മദ് നശീദും കോടതിയുമായി ഉണ്ടായ തര്‍ക്കവും ജഡ്ജിയുടെ അറസ്റ്റും രാജ്യത്ത് അക്രമത്തിനും പോലീസ്, സൈനിക വാഴ്ചക്കും ഇടയാക്കി.
ഇതേത്തുടര്‍ന്ന് 2012 ഫെബ്രുവരി ഏഴിന് നശീദ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍, അന്ന് വൈസ് പ്രസിഡന്റ്ആയിരുന്ന ഡോ. മുഹമ്മദ് വഹീദ് ഹസന്‍ നിയമാനുസൃതം രാജ്യത്തിന്റെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടക്കുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തി സ്ഥാനഭ്രഷ്ടനാക്കിയതാണെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള നശീദിന്റെ ആവശ്യപ്പെടലും ഇന്ത്യ അടക്കമുള്ള മറ്റുരാജ്യങ്ങളുടെ ഇടപെടലുകള്‍ക്കുമൊടുവിലാണ് തിരഞ്ഞെടുപ്പ്. മാലദ്വീപിലെ തിരഞ്ഞെടുപ്പ് അതീവ ശ്രദ്ധയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.