ആട് ആന്റണിയെ കണ്ടെത്താനായില്ല; പ്രതിഷേധവുമായി പോലീസുകാരന്റെ ബന്ധുക്കള്‍

Posted on: September 22, 2013 11:33 pm | Last updated: September 22, 2013 at 11:33 pm

കൊല്ലം: കൊല്ലം പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍ പിള്ള(47)യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ കണ്ടെത്താന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലൂടെ പോലീസ് നടത്തിയ ശ്രമവും പരാജയപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മണിയന്‍ പിള്ള എന്ന പേരിലായിരുന്നു സൈറ്റ്.
നെടുമണ്‍കാവ് കൊട്ടറ കൈതരപ്പൊയ്കയില്‍ വീട്ടില്‍ മണിയന്‍ പിള്ളയാണ് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ ദാരുണമായി കൊല ചെയ്യപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെ വാഹന പരിശോധന നടത്തുമ്പോഴാണ് മണിയന്‍ പിള്ളക്ക് കുത്തേറ്റത്. തടഞ്ഞു നിര്‍ത്തിയ കാറിലുണ്ടായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയാണ് മണിയന്‍ പിള്ളയേയും എ എസ് ഐ ചെങ്കുളം പനവിളവീട്ടില്‍ ജോയി (52)യെയും കുത്തിവീഴ്ത്തി രക്ഷപ്പെട്ടത്.
സംഭവസ്ഥലത്ത് തന്നെ മണിയന്‍ പിള്ള മരിച്ചു. കൊലയാളി ആട് ആന്റണിയാണെന്ന് തിരിച്ചറിഞ്ഞിട്ടും കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡി ജി പിയായിരുന്ന ജേക്കബ് പുന്നൂസും ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അന്യ സംസ്ഥാനങ്ങളില്‍ പോയ അന്വേഷണ ഉദ്യോഗസ്ഥരെല്ലാം മടങ്ങിവന്നു. ഇപ്പോള്‍ എല്ലാം അവസാനിച്ച നിലയിലാണ്. ഏറ്റവുമൊടുവില്‍ നേപ്പാളിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന. ആന്റണിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന് ഇയാളുടെ ഭാര്യമാരുടെ വിവരം കിട്ടിയതൊഴിച്ചാല്‍ പുരോഗതിയുണ്ടായില്ല. മുംബൈ, മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോലീസ് തിരയുകയുണ്ടായി.
മറ്റ് സംസ്ഥാന പോലീസുമായും സഹകരിച്ച് തുടരന്വേഷണങ്ങള്‍ നടത്തിയിരുന്നു. ആട് ആന്റണിയുടെ ചെന്നൈയിലെ വീട് പോലീസ് റെയ്ഡ് ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രോണിക് സാധനങ്ങളാണ് കൊല്ലത്തെത്തിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലത്തെ ഒരു പോലീസുകാരനെ കുത്തിക്കൊന്ന് രക്ഷപ്പെട്ട പുട്ടു കുഞ്ഞുമോനെ പിടികൂടാനാകാത്ത സാഹചര്യം തന്നെയാണ് ആട് ആന്റണിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്ന് പോലീസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഡ്യൂട്ടിക്കിടെ കുത്തേറ്റ് പോലീസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ആന്റണിയുടെ ഭാര്യമാരുടെ കണക്കെടുക്കാന്‍ മാത്രമേ പോലീസിന് ഇതുവരെ കഴിഞ്ഞുള്ളൂ എന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി മണിയന്‍ പിള്ളയുടെ ബന്ധുക്കള്‍ മറ്റ് അന്വേഷണ ഏജന്‍സികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.