ദുര്‍ഗ്ഗ ശക്തി നാഗ്പാലിന്റെ സസ്പന്‍ഷന്‍ പിന്‍വലിച്ചു

Posted on: September 22, 2013 8:01 pm | Last updated: September 22, 2013 at 8:01 pm

Durga_Shakti_Nagpalലക്‌നൗ: ഐ എ എസ് ഉദ്യോഗസ്ഥ ദുര്‍ഗ്ഗ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു.

കഴിഞ്ഞ ജൂലൈ 27നാണ് ഗൗതം ബുദ്ധ് നഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായിരുന്ന ദുര്‍ഗ്ഗ ശക്തി നാഗ്പാലി(28)നെ യു പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി നിര്‍മ്മിച്ച ഒരു മുസ്ലിം പള്ളിയുടെ മതില്‍ പൊളിച്ചു കളഞ്ഞുവെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. അതേസമയം സംസ്ഥാനത്തെ അനധികൃത മണല്‍മാഫിയക്കെതിരെ ശക്തമായ നടപടി എടുത്തതിന്റെ പ്രതികാര നടപടിയാണ് സസ്‌പെന്‍ഷന്‍ എന്ന ആരോപണവും ഉയര്‍ന്നു.

തുടര്‍ന്ന് ഐ എ എസ് ഉദ്യോഗസ്ഥരുടെ ദേശീയ സംഘടനയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കളും സസ്‌പെന്‍ഷനെതിരെ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ മാസത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും യു പി മുഖ്യമന്ത്രിയുടെ പിതാവുമായ മുലായം സിംഗ് യാദവിനെ കണ്ട് ദുര്‍ഗ്ഗ നാഗ്പാല്‍ തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഇന്നലെ ദുര്‍ഗ്ഗാ നാഗ്പാലും ഭര്‍ത്താവും മുഖ്യമന്ത്രി അഖിലേഷ് യാദവുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.