Connect with us

Kerala

സഹപാഠി എഴുതിയ വരികള്‍ പാടി അബൂബക്കര്‍ സിദ്ദീഖിന് ഒന്നാം സ്ഥാനം

Published

|

Last Updated

മണ്ണാര്‍ക്കാട്: സംസ്ഥാന സാഹിത്യോത്സവില്‍ സീനിയര്‍ മദ്ഹ് ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയിലെ അബൂബക്കര്‍ സിദ്ധീഖ് ടി പി ഈണം പകര്‍ന്നത് സഹപാഠി രചിച്ച വരികള്‍ക്ക്. സ്‌നേഹ ഗാനമേ….മോഹപാനമേ…..ആശിഖീങ്ങള്‍ പാടും പ്രേമരാഗമേ….. എന്നു തുടങ്ങുന്ന സ്‌നേഹാര്‍ദ്രതയുടെ വരികളില്‍ ഇശലുകള്‍ കോര്‍ത്തിണക്കിയാണ് സിദ്ദീഖ് പാടിയത്. പാട്ടെഴുതിയത് സിദ്ദീഖിന്റെ സഹപാഠിയും മലപ്പുറം പെരിന്തല്‍മണ്ണ അരക്കുപറമ്പ് സ്വദേശിയുമായ നാസറുദ്ദീന്‍ അനസാണ്. ഇരുവരും മഅ്ദിന്‍ എജ്യൂപാര്‍ക്ക് ക്യാമ്പസ് ദഅ്‌വ കോളജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണ്.
മാപ്പിളപ്പാട്ട്, അറബിഗാനം, ദഫ് തുടങ്ങിയ ഇനങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന സാഹിത്യോത്സവില്‍ നേട്ടങ്ങള്‍ കൊയ്ത അബൂബക്കര്‍ സിദ്ദീഖ് കോട്ടക്കലിനടുത്ത് തെന്നല സ്വദേശിയാണ്. ടി പി അബ്ദുല്ലക്കുട്ടിയാണ് പിതാവ്. മലപ്പുറം വേങ്ങര കുറ്റൂര്‍ സ്വദേശി വി ടി അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാരാണ് കലാരംഗത്ത് സിദ്ദീഖിന്റെ ഗുരു. പാട്ടെഴുത്തിന്റെ വഴിയില്‍ കഴിവ് തെളിയിച്ച നസ്‌റുദ്ദീന്‍ അനസ് എഴുതിയ മറ്റനേകം ഗാനങ്ങള്‍ സാഹിത്യോത്സവില്‍ മുഴങ്ങിക്കേട്ടിരുന്നു. അനസിനാല്‍ വിരചിതമായ അയ്യുഹല്‍ ഇഖ്‌വാന്‍ എന്ന ഗാനത്തിനാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം അറബിഗാനത്തില്‍ ഒന്നാം സ്ഥാനവും കാതങ്ങള്‍ അക്കരെ മദീന നാട്ടിലെന്‍… എന്ന ഗാനത്തിന് ഹയര്‍ സെക്കന്‍ഡറി മദ്ഹ് ഗാന മല്‍സരത്തില്‍ ഒന്നാം സ്ഥാനവും, ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സാഹിത്യോത്സവില്‍ ജനറല്‍ മദ്ഹ്ഗാന രചനയിലെ ജേതാവായ അനസിന്റെ മൊഞ്ചേറിടും കാഞ്ചന പൂ മഞ്ജരി… എന്ന ഗാനത്തിനായിരുന്നു അതേ വര്‍ഷം ജനറല്‍ മദ്ഹ് ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം. സഹപാഠികളായ ഇരുവര്‍ക്കും പൂര്‍ണ പിന്തുണയായി അധ്യാപകരായ അബൂബക്കര്‍ സഖാഫി അരീക്കോട്, ശിഹാബലി അഹ്‌സനി, മഹ്മൂദുല്‍ ഹസന്‍ അഹ്‌സനി തുടങ്ങിയവര്‍ കൂടെയുണ്ട്.

Latest