നെല്ലറയുടെ നാട്ടില്‍ മലപ്പുറത്തിന്റെ വിജയതാളം

Posted on: September 21, 2013 6:02 pm | Last updated: September 22, 2013 at 7:39 pm

ssf-malappuram

 

മണ്ണാര്‍ക്കാട്: വരകളും വാക്കുകളും ഇശലുകളും കൊണ്ട് പ്രതിഭകള്‍ വിരുന്നൂട്ടിയ നെല്ലറയുടെ മണ്ണില്‍ മലപ്പുറത്തിന്റെ വിജയാഹ്ലാദം. രണ്ട് നാള്‍ നീണ്ടുനിന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് പരിസമാപ്തി. അവസാന നിമിഷം വരെ ഫലം പ്രവചനാതീതമായ മത്സരത്തിനൊടുവില്‍ 416 പോയിന്റുകളുമായാണ് മലപ്പുറം കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ നഷ്ടമായ വിജയമാണ് ഇത്തവണ മലപ്പുറം തിരിച്ചു പിടിച്ചത്. ഇതോടെ സംസ്ഥാന സാഹിത്യോത്സവില്‍ പതിനാറ് തവണ ഒന്നാം സ്ഥാനം നേടുന്ന ടീമായി മലപ്പുറം.
374 പോയിന്റുകളുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 321 പോയിന്റുകളുമായി കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റ് ജില്ലകളുടെ പോയിന്റ് നില: വയനാട്- 174, കാസര്‍കോട്- 170, തൃശൂര്‍- 161, പാലക്കാട്- 136, ആലപ്പുഴ- 96, കൊല്ലം- 90, നീലഗിരി- 88, എറണാകുളം- 69, തിരുവനന്തപുരം- 67, കോട്ടയം- 52, പത്തനംതിട്ട- 41, ഇടുക്കി-15. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമായി രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലാ ടീമിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും രണ്ടാം സ്ഥാനക്കാരായ കോഴിക്കോടിന് ടീമിന് അലി മുസ്‌ലിയാര്‍ കുമരംപുത്തൂരും മൂന്നാം സ്ഥാനത്തെത്തിയ കണ്ണൂരിന് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാരും ട്രോഫികള്‍ സമ്മാനിച്ചു. സംസ്ഥാന സാഹിത്യോത്സവ് കലാപ്രതിഭയായി മലപ്പുറം ജില്ലയിലെ വി ടി നഈമിനെയും ക്യാമ്പസ് കലാപ്രതിഭയായി കോഴിക്കോട് ഫാറൂഖ് കോളജിലെ ടി ജവാദിനെയും തിരഞ്ഞെടുത്തു. അടുത്ത വര്‍ഷം സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്ന കാസര്‍കോട് ജില്ലാ നേതൃത്വത്തിന് സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി പതാക കൈമാറി.
വന്‍ ജനാവലിയാണ് സാഹിത്യോത്സവ് ആസ്വദിക്കാന്‍ രണ്ട് ദിനവും എത്തിയത്. സമാപന ദിനമായ ഇന്നലെ പ്രധാന വേദിയായ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു.

ജില്ലാ പോയിന്റ്‌ നില (മുഴുവന്‍ മത്സര (74) ഫലങ്ങള്‍ക്ക് ശേഷം)

District Point Status
MALAPPURAM 416 1
KOZHIKKODE 374 2
KANNUR 321 3
WAYANAD 174 4
KASARAGOD 170 5
THRISSUR 161 6
PALAKKAD 136 7
ALAPPUZHA 96 8
KOLLAM 90 9
NILAGIRI 88 10
ERANAKULAM 69 11
THIRUVANANTHAPURAM 67 12
KOTTAYAM 52 13
PATHANAMTHITTA 41 14
IDUKKI 15 15