യൂറോപ്പില്‍ അട്ടിമറി

Posted on: September 21, 2013 6:00 am | Last updated: September 21, 2013 at 7:53 am

EUROPAലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യുവേഫ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പ്രധാന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ യൂറോപ ലീഗിന് തുടക്കം. ഗ്രൂപ്പ് റൗണ്ടുകളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോസ്പറും വെയില്‍സ് ക്ലബ്ബ് സ്വാന്‍സിയ സിറ്റിയും മികച്ച വിജയം കരസ്ഥമാക്കിയപ്പോള്‍ സ്പാനിഷ് കരുത്തരായ വലന്‍ഷ്യയും ഡച്ച് ക്ലബ്ബ് പി എസ് വി ഐന്തോവനും ഞെട്ടിക്കുന്ന പരാജയമേറ്റു. സെവിയ്യ, എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്, ഫിയോറന്റീന, റുബിന്‍ കസാന്‍ എന്നിവര്‍ വിജയത്തോടെ തുടങ്ങി.
ഗ്രൂപ്പ് കെയില്‍ നോര്‍വെ ക്ലബ്ബായ ട്രോംസോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം ഹോസ്പര്‍ പരാജയപ്പെടുത്തിയത്.
യൂറോപ്പില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ജെര്‍മെയ്ന്‍ ഡെഫോ ഇരട്ട ഗോളുകള്‍ നേടി.
ഗരെത് ബെയ്‌ലിന് പകരം ടോട്ടനം ടീമിലെത്തിച്ച എറിക്‌സന്‍ ഇംഗ്ലീഷ് ക്ലബ്ബിനൊപ്പം തന്റെ ആദ്യ ഗോള്‍ ആഘോഷിച്ചു. 21, 29 മിനുട്ടുകളിലാണ് ഡെഫോയുടെ ഗോളുകള്‍. എണ്‍പത്താറാം മിനുട്ടില്‍ 25 വാര അകലെ നിന്നായിരുന്നു എറിക്‌സന്റെ സൂപ്പര്‍ ഗോള്‍.
ഡാനി റോസ്, മൂസ ഡെംബെലെ, യൂനിസ് കാബോള്‍ എന്നിവര്‍ക്ക് പരുക്കേറ്റതാണ് മത്സരത്തില്‍ ടോട്ടനം ഹോസ്പറിനേറ്റ തിരിച്ചടി. അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ എറിക് ലമേലയുടെ അരങ്ങേറ്റവും ടോട്ടനം ഹോസ്പറിന്റെ വിജയത്തില്‍ നിര്‍ണായകമായി.
വലന്‍ഷ്യയെ സ്‌പെയിനില്‍ അട്ടിമറിച്ചാണ് സ്വാന്‍സിയ കരുത്തറിയിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. ബോണി (14), മിചു (58), ഗുസ്മാന്‍ (62) സ്വാന്‍സിയക്കായി സ്‌കോര്‍ ചെയ്തു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്പാനിഷ് ക്ലബ്ബിനെതിരെ ജയം നേടുന്ന രണ്ടാമത്തെ വെയില്‍സ് ക്ലബ്ബാണ് സ്വാന്‍സിയ. 1971 ല്‍ കാര്‍ഡിഫ് സിറ്റി 1-0ന് റയലിനെ അട്ടിമറിച്ചതാണ് ആദ്യ സംഭവം.
2001 ല്‍ രൂപവത്കരിച്ച ബെല്‍ജിയം ക്ലബ്ബ് ലുഡോഗോറെറ്റ്‌സാണ് ഏറെ പാരമ്പര്യമുള്ള ഡച്ച് ടീം പി എസ് വി ഐന്തോവനെ അട്ടിമറിച്ചത്. 2-0നായിരുന്നു പുതുക്കക്കാരുടെ ജയം.