മന്ത്രിയുടെ പിഎ ചമഞ്ഞ് സിഐക്ക് ഫോണ്‍ ചെയ്തതിന് കേസ്‌

Posted on: September 21, 2013 1:42 am | Last updated: September 21, 2013 at 1:42 am

തിരൂരങ്ങാടി: മന്ത്രിയുടെ പി എയാണെന്ന് പറഞ്ഞ് തിരൂരങ്ങാടി സി ഐക്ക് ഫോണ്‍ചെയ്തതിന് പോലീസ് കേസെടുത്തു. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസില്‍നിന്ന് പി കെ ബശീര്‍ എന്ന പേരിലാണ് സി ഐയുടെ മൊബൈലിലേക്ക് ഫോണ്‍വന്നത്. കഴിഞ്ഞ തിരുവോണനാളില്‍ കരിമ്പിലില്‍ വെച്ചുണ്ടായ കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിക്കരുതെന്നായിരുന്നു ഫോണില്‍ ആവശ്യപ്പെട്ടത്. ഇതില്‍ സംശയം തോന്നിയ സി ഐ അനില്‍ ബി റാവുത്തര്‍ തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ വ്യാജമാണെന്ന് മനസ്സിലാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഐ ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്.