Connect with us

Kannur

നിര്‍ദേശം ഭൂവുടമകള്‍ തള്ളി

Published

|

Last Updated

തലശ്ശേരി: മാഹി ബൈപാസിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ കമ്പോള വില നിര്‍ണയിക്കാന്‍ പുതുച്ചേരി ജില്ലാ കലക്ടര്‍ ഡോ. ദീപക് കുമാറിന്റെ സാന്നിധ്യത്തില്‍ മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പര്‍ച്ചേസ് കമ്മിറ്റി യോഗം അലസി പിരിഞ്ഞു. വാണിജ്യാവശ്യങ്ങള്‍ക്കായി നീക്കിവെച്ച സ്ഥലത്തിന് 4,25,000 രൂപയും റോഡ് സൗകര്യമുള്ള ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ഭൂമിക്ക് മൂന്ന് ലക്ഷവും റോഡ് സൗകര്യമില്ലാത്ത റസിഡന്‍ഷ്യല്‍ ഏരിയ ഭൂമിക്ക് 2,25,000 രൂപയുമാണ് പര്‍ച്ചേസ് കമ്മിറ്റി നിര്‍ദേശിച്ചത്. ഇത് ഒട്ടും സ്വീകാര്യമല്ലെന്ന് പറഞ്ഞ് ഭൂവുടമകള്‍ തള്ളുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗം നടന്നത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. എ പി അശോകന്‍, ടി കെ ഗംഗാധരന്‍, കണ്ണിപൊയില്‍ ബാബു, വടക്കന്‍ ജനാര്‍ദ്ദനന്‍ എന്നിവരും പങ്കെടുത്തു. സമ്മതപത്രം നല്‍കുന്നവര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ നഷ്ടപരിഹാര തുക നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. മാഹി ആര്‍ എ ആര്‍ മുനിസ്വാമി, പി ഡബ്ല്യു ഡി. എക്‌സി. എന്‍ജിനീയര്‍ ഒ പ്രദീപ് കുമാര്‍, കാരക്കല്‍ തഹസില്‍ദാര്‍ ശ്രീജിത്ത് തുടങ്ങിയവരാണ് കലക്ടര്‍ക്കൊപ്പം യോഗത്തില്‍ സംബന്ധിച്ചത്.