Kerala
64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍
ഇന്ന് മുതല്‍ 18 വരെ 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും.
തൃശൂര്‍| 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് മുതല്‍ 18 വരെ 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. രാവിലെ 10 മണിക്ക് എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇന്ന് പാണ്ടിമേളവും കുടമാറ്റവും നടക്കും. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും.
പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണു മത്സരങ്ങള്‍ അരങ്ങേറുക. രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ. ഉമേഷ് പതാക ഉയര്‍ത്തും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ബി കെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി കെ രാജന്‍ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
സുരക്ഷയ്ക്കായി10 എസ്‌ഐ മാരുടെ കീഴില്‍ 1200 ഓളം പൊലീസുകാരെയാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തില്‍ സ്ത്രീ സൗഹൃദ ടാക്‌സികളും സര്‍വീസ് നടത്തും. ഇപ്രാവശ്യവും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കുന്നത്. 25000ത്തിലധികം പേര്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്.


