Connect with us

International

രാസായുധങ്ങള്‍ നശിപ്പിക്കാന്‍ ഒരു വര്‍ഷം സമയം വേണം: അസദ്

Published

|

Last Updated

ദമസ്‌കസ്: രാജ്യത്തെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും ഒരു വര്‍ഷത്തെ സമയം ആവശ്യമാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്. ആഗസ്റ്റ് 21ന് സിറിയയില്‍ രാസായുധ ആക്രമണം നടത്തിയത് ഭരണകൂടമല്ലെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അസദ് ആവര്‍ത്തിച്ചു.
രാസയുധങ്ങള്‍ നീക്കം ചെയ്യാനോ നശിപ്പിക്കാനോ തയ്യാറായാല്‍ സിറിയക്കെതിരെ സൈനിക നടപടി ഒഴിവാക്കാമെന്ന് റഷ്യയുമായി നടത്തിയ ചര്‍ച്ചയില്‍ യു എസ് ധാരണയിലെത്തിയിരുന്നു. ആയുധങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യയുമായി നടത്തിയ ചര്‍ച്ചയില്‍ സിറിയ അറിയിച്ചിരുന്നു.
സിറിയയില്‍ സൈനിക നടപടിക്ക് ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം കൊണ്ടുവരാന്‍ യു എസ് തയ്യാറായെങ്കിലും റഷ്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
അതേസമയം, മധ്യ ഹോംസിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും ഏറ്റുമുട്ടലിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. പത്തൊമ്പത് പേര്‍ മരിച്ചതായി യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു.
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന അസസ് ടൗണിലും ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് തുര്‍ക്കി അതിര്‍ത്തി അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest