മാലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് വിശദാംശം ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

Posted on: September 20, 2013 12:20 am | Last updated: September 20, 2013 at 12:20 am

34092_1313611261_newsമാലെ: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ മാസം ഏഴിന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ യോഗ്യരായ സമ്മതിദായകരുടെയും യഥാര്‍ഥത്തില്‍ വോട്ട് ചെയ്തവരുടെയും എണ്ണം ഹാജരാക്കാന്‍ മാലദ്വീപ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് പരമോന്നത കോടതിയുടെ ഉത്തരവ്. സാധുവായ വോട്ടര്‍മാരുടെ പട്ടിക ഹാജരാക്കണം. വോട്ട് ചെയ്തവരുടെ പട്ടികയും സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടുവെന്ന് പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി മസൂദ് ഇമാദ് പറഞ്ഞു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജംഹൂരീ പാര്‍ട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും പ്രമുഖ വ്യവസായിയുമായ ജസീം ഇബ്‌റാഹിം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നശീദാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള അബ്ദുല്ലാ യമീനെ അദ്ദേഹം രണ്ടാം ഘട്ടത്തില്‍ നേരിടും. ആര്‍ക്കും 50 ശതമാനത്തിലധികം വോട്ടുകള്‍ നേടാനാകത്തിനാലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് വേണ്ടി വന്നത്. വോട്ടെടുപ്പില്‍ കാര്യമായ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തിയത്.