മുപ്പത്തിയഞ്ച് വര്‍ഷത്തെ പ്രവാസം; തളര്‍വാതവുമായി ഹുസൈന്‍ നാട്ടിലേക്ക്‌

Posted on: September 19, 2013 7:56 pm | Last updated: September 19, 2013 at 7:56 pm

അല്‍ ഐന്‍: ഗുരുവായൂര്‍ വടക്കേക്കാട് കല്ലൂര് പരേതനായ പുതുമന മുഹമ്മദ് വൈദ്യരുടെ മകന്‍ കുമ്പത്തെ കായില്‍ ഹുസൈന്‍ 35 വര്‍ഷത്തെ പ്രവാസത്തിനു വിരാമമിട്ട് മടങ്ങുന്നു. അല്‍ ഐന്‍ ദാറുല്‍ ഹുദ ഇസ്‌ലാമിക് സ്‌കൂളിലെ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ശരീരത്തിന്റെ വലതു ഭാഗത്ത് തളര്‍വാദം പിടിപെട്ട് ചികിത്സയിലായിരുന്നു. അല്‍ ഐന്‍ ജീമി ആശുപത്രിയിലും നാട്ടിലുമായി ചികിത്സിച്ചു. ഇപ്പോള്‍ ഭാഗികമായി ചലന ശേഷീ വീണ്ടെടുത്തു.
1978ലാണ് ഹുസൈന്‍ റാസല്‍ഖൈമ കേന്ദ്രീകരിച്ചുള്ള ഒരു നിര്‍മാണ കമ്പനിയില്‍ ജോലിക്ക് എത്തുന്നത്. മുംബൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗം പാക്കിസ്ഥാനിലെ കറാച്ചി വഴി ആറ് ദിവസത്തെ യാത്രക്കൊടുവില്‍ ദുബൈ റാശിദിയ പോര്‍ട്ടില്‍ എത്തി. അല്‍ മസ്ഹൂദ് കമ്പനിയില്‍ സെയില്‍സ്മാനായി മൂന്ന് വര്‍ഷത്തിലധികം ജോലി ചെയ്തു. പിന്നീട് അല്‍ നബൂദ ട്രേഡിംഗ് കമ്പനിയില്‍ ഷോറൂം മാനേജരായി പ്രവര്‍ത്തിച്ചു. അല്‍ ഐനില്‍ സഹോദരനുമൊന്നിച്ച് സൂപ്പര്‍മാര്‍ക്കറ്റും റസ്റ്റോറന്റുളും തുടങ്ങിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. ദാറുല്‍ ഹുദ ഇസ്‌ലാമി് സ്‌കൂളിന്റെ പ്രാരംഭം മുതല്‍ 23 വര്‍ഷത്തോളം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മകള്‍ അസ്മ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ 12-ാം തരെ വരെ ദാറുല്‍ ഹുദയിലാണ് പഠിച്ചത്. ഇപ്പോള്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ ബി എസ് സി സൈക്കോളജിക്ക് പഠിക്കുന്നു. ഭാര്യ: നൂര്‍ജഹാന്‍. മകന്‍: അശ്‌റഫ് ദാറുല്‍ ഹുദയില്‍ ഡാറ്റ എന്‍ട്രിയായി ജോലി ചെയ്യുന്നു.
നാട്ടില്‍ ചികിത്സയിലായിരുന്ന സമയം സഹപ്രവര്‍ത്തകര്‍ തന്നെ സാമ്പത്തികമായി സഹായിച്ചത് ഹുസൈന്‍ നന്ദിയോടെ സ്മരിക്കുന്നു. 35 വര്‍ഷത്തെ പ്രവാസത്തില്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ വലിയൊരു സുഹൃദ് വലയം സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഭാഗ്യാമായി കരുതുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും മത-സാമൂഹിക നേതാക്കളും ഹുസൈന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായി.
അല്‍ ഐന്‍ ഐ സി എഫ് നേതാക്കളായ പി പി എ കുട്ടി ദാരിമി, വി സി അബ്ദുല്ല സഅദി, ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം, അബ്ദുല്‍ബാരി, ഇഖ്ബാല്‍ താമരശ്ശേരി, സഅദ് ഓമച്ചപ്പുഴ, അന്‍വര്‍ രണ്ടത്താണി എന്നിവര്‍ ഹുസൈനെ വീട്ടില്‍ സന്ദര്‍ശിച്ചു. ഇന്ന് (വ്യാഴം) ഷാര്‍ജയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് പോകും. ഹുസൈനെ ബന്ധപ്പെടാവുന്ന നമ്പര്‍: 050-3367671