ഷാര്‍ജ അബൂബക്കര്‍ വധം: പ്രതി പിടിയില്‍

Posted on: September 19, 2013 6:28 pm | Last updated: September 19, 2013 at 7:20 pm
SHARE

ABOOBACKER-AND-BASITHഷാര്‍ജ: ഷാര്‍ജയിലെ അസര്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് പാര്‍ട്ണറും കടവത്തൂര്‍ സ്വദേശിയുമായ അബൂബക്കറി (48)നെ കുത്തിക്കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കണ്ണൂര്‍ കൊളച്ചേരി പള്ളിപ്പറമ്പിലെ കൈതപ്പുറത്ത് അബ്ദുല്‍ ബാസിത് (21) ആണ് പിടിയിലായത്. കവര്‍ച്ച ചെയ്ത 84,000 ദിര്‍ഹം ബാസിതിന്റെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്ന് ബാസിത് കുറ്റസമ്മതം നടത്തിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് അബൂബക്കര്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. സൂപ്പര്‍ മാര്‍ക്കറ്റ് അടച്ച് അന്നത്തെ വരുമാനവുമായി മുറിയിലെത്തിയതായിരുന്നു അബൂബക്കര്‍. കോളിംഗ് ബെല്ലടിച്ച് വാതില്‍ തുറപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. മുറിയുടെ താക്കോല്‍ സമീപത്തെ നഗരസഭ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.