ബോ സിലായിയുടെ വിധി ഞായറാഴ്ച

Posted on: September 19, 2013 6:26 am | Last updated: September 19, 2013 at 12:27 am

ബീജിംഗ്: ചൈനയില്‍ അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ കമ്യൂണിസ്റ്റ് നേതാവ് ബോ സിലായിയുടെ വിധി ഞായറാഴ്ചയുണ്ടാകും. ഷാന്‍ഡോംഗ് പ്രവിശ്യയിലെ ജിനാന്‍ ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍സ് കോടതി ഈമാസം 22ന് രാവിലെ ഇതു സംബന്ധിച്ച് വിധി പുറപ്പെടുവിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബോയുടെ അഞ്ച് ദിവസം നീണ്ടുനിന്ന വിചാരണ ആഗസ്ത് 26ന് അവസാനിച്ചിരുന്നു. മുന്‍ വാണിജ്യ മന്ത്രിയും ചോംഗ്ങ്കിങ് മുനിസിപ്പാലിറ്റിയിലെ പാര്‍ട്ടി തലവനുമായിരുന്ന ബോ സിലായിക്ക് കനത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 28 കോടിയുടെ അഴിമതി നടത്തിയെന്നും ഭാര്യ ഗു കൈലായി ബ്രിട്ടീഷ് വ്യവസായിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത് മറച്ചുവെച്ചുവെന്നതുമാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. എന്നാല്‍ കുറ്റാരോപണം ബോ നിഷേധിച്ചിരുന്നു.