സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; നിരവധി പേര്‍ കൊല്ലപ്പെട്ടു

Posted on: September 19, 2013 12:25 am | Last updated: September 19, 2013 at 12:25 am
SHARE

ദമസ്‌കസ്: സിറിയന്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ശക്തമായ വാഗ്വാദങ്ങള്‍ നിലനില്‍ക്കെ സിറിയയില്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ദമസ്‌കസിന് വടക്കു കിഴക്കന്‍ ഭാഗങ്ങളിലും സമീപ പ്രവിശ്യകളിലും സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചെറിയ ഇടവേളക്ക് ശേഷം ഹംസ്, അലെപ്പോ, ദേര്‍ അസ്സൂര്‍ തുടങ്ങിയ പ്രവിശ്യകളില്‍ ഏറ്റുമുട്ടല്‍ ശക്തമായിട്ടുണ്ട്.
അതിനിടെ, തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇദ്‌ലിബില്‍ ഏറ്റുമുട്ടലിനിടെ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ വക്താക്കള്‍ അറിയിച്ചു. അതിര്‍ത്തി മേഖലയായ ബാബ് അല്‍ ഹവായില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്.