Connect with us

Articles

കാഷായ വസ്ത്രം അഴിച്ചുവെച്ച് ചുവപ്പുടുത്ത ഒരാള്‍

Published

|

Last Updated

പല കുപ്പായങ്ങള്‍ ധരിച്ച് ഒടുവില്‍ വിശ്രമ ജീവിതവും അവസാനിപ്പിച്ച് മടങ്ങുകയാണ് വെളിയം ഭാര്‍ഗവന്‍. സംസ്‌കൃതത്തിലും വേദോപനിഷത്തുകളിലും അവഗാഹം നേടിയ കമ്യൂണിസ്റ്റുകാരന്‍. സന്ന്യാസിയാകാന്‍ ചെറുപ്പത്തില്‍ ഇറങ്ങിത്തിരിച്ച് ഇടക്കു വെച്ച് തിരികെ നടന്ന് കമ്മ്യൂണിസം പുല്‍കിയ വ്യക്തിത്വം. വൈരുധ്യാത്മക സിദ്ധാന്തം പോലെ തന്നെ സവിശേഷമായ വഴികളിലൂടെയായിരുന്നു സഞ്ചാരം. ആശാന്‍ എന്ന് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അടുപ്പക്കാര്‍ വിളിച്ച ഒരു അപൂര്‍വ ജീവിതമാണ് ഇന്നലെ ചലനമറ്റത്.
ജീവിത വഴിയില്‍ ആദ്യം എടുത്തിട്ടത് കാഷായക്കുപ്പായം. ചെറുപ്പകാലത്തു തന്നെ സാംസ്‌കാരിക പൈതൃകത്തിലും വേദങ്ങളിലും ഉപനിഷത്തുകളിലുമെല്ലാം ആഴത്തിലുള്ള അറിവ് നേടി. പൊതുവഴിലിറങ്ങിയപ്പോള്‍ ചുകപ്പുടുത്ത് കളം മാറി. മനുഷ്യന്റെ വേദനകളോടും കഷ്ടപ്പാടുകളോടും അടുത്തിരിക്കുന്നത് കാഷായത്തെക്കാള്‍ കമ്മ്യൂണിസമാണെന്നായിരുന്നു വെളിയത്തിന്റെ തിരിച്ചറിവ്.
ഈ മാറ്റം ഒടുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തെത്തിച്ചു. വെളിയത്തിലെ ആത്മീയചിന്തയെ കമ്യൂണിസത്തിന്റെ ചുവന്ന മണ്ണിലേക്ക് കൈപിടിച്ചു നയിച്ചത് കൊല്ലം എസ് എന്‍ കോളജിലെ വിദ്യാര്‍ഥി ജീവിതം. സ്വാധീനിച്ചതാകട്ടെ എം എന്‍ ഗോവിന്ദന്‍ നായരും. ഒ എന്‍ വി കുറുപ്പിനും തെങ്ങമത്തിനും ഒ മാധവനും പുതുശ്ശേരിക്കുമെല്ലാമൊപ്പം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവമായി. പാര്‍ട്ടി കാര്യങ്ങളില്‍ കണിശതക്ക് പിശുക്ക് കാണിച്ചില്ല. കമ്മിറ്റി യോഗങ്ങളില്‍ കലഹിച്ചു. തന്റെ ഉള്ളിലുള്ളത് തുറന്നുപറയാന്‍ ഒരിക്കലും മടിച്ചില്ല.
അനുഭവങ്ങളുടെയും അറിവിന്റെയും കരുത്തില്‍ “വല്യേട്ടനു” മുന്നില്‍ ഗര്‍ജിച്ചു. ആ ഗര്‍ജനം പലപ്പോഴും കൊള്ളേണ്ടിടത്ത് കൊണ്ടു. ഉറപ്പിച്ചെടുത്ത തീരുമാനങ്ങളും ധാരണകളും പൊളിച്ചടുക്കി. തന്റെ മുന്നിലുള്ള മുഖം ആരുടേതെന്ന് നോക്കിയില്ല. തനിക്ക് തോന്നുന്ന ശരി എന്ത് എന്ന് മനസ്സിലാക്കി തുറന്നു പറഞ്ഞു. വെളിയത്തിന്റെ വാക്കുകളില്‍ മുറിവേറ്റവര്‍ നിരവധി. യാഥാര്‍ഥ്യം അറിയുന്നവരായതിനാല്‍ അവരാരും വെളിയത്തോടു പിണങ്ങിയതുമില്ല. കാര്‍ക്കശ്യമുള്ള കമ്യൂണിസ്റ്റെന്ന വിശേഷണത്തില്‍ മറുപടിയൊതുക്കി. നടപ്പിലും വേഷത്തിലും ലാളിത്യം സൂക്ഷിച്ച നേതാവ്.
പ്രസംഗം കേട്ടാല്‍ നാട്ടുമ്പുറത്തുകാരന്‍ കാര്യം പറയുന്നതു പോലെയേ തോന്നൂ. എന്നാല്‍ വലിയ പ്രാസംഗികരെ ശ്രവിക്കുന്നതിനേക്കാള്‍ വെളിയത്തെ കേള്‍ക്കാന്‍ ആള് കൂടി. സ്വന്തം കുടുംബത്തിലെ കാരണവരുടെ ഉപദേശം പോലെ നാട്ടുകാര്‍ വെളിയത്തെ കേട്ടിരുന്നു. ജനങ്ങളെ കൂടുതല്‍ വെളിയത്തോട് അടുപ്പിച്ചതും ഈ ശൈലി തന്നെ. വേദിയില്‍ നിന്നിറങ്ങിയാലും സാധാരണക്കാര്‍ക്കിടയില്‍ മുണ്ട് മടക്കിക്കുത്തി നടന്നു. റോഡുവക്കിലെ തട്ടുകടയില്‍ കയറി കട്ടന്‍ ചായ കുടിച്ചു. അടുപ്പക്കാരുടെ തോളില്‍ കൈ വെച്ച് പരിചയം പുതുക്കി. മറ്റു പല രാഷ്ട്രീയക്കാര്‍ക്കുമില്ലാത്ത കറകളഞ്ഞ ലാളിത്യം.
വലതുപക്ഷമെന്ന ആക്ഷേപവും ആള്‍ബലമില്ലാത്തതിന്റെ ക്ഷീണവും പിളര്‍പ്പുകാല പാര്‍ട്ടിയെ ആക്രമിച്ചപ്പോള്‍ പ്രതിരോധത്തിന് ഉശിരോടെ മുന്നില്‍ നിന്നു. ആളും അര്‍ഥവും കൈവിട്ടു പോകുന്ന ഒഴുക്കിലകപ്പെട്ട പാര്‍ട്ടിക്ക് തടയണ കെട്ടിയ കപ്പിത്താനായിരുന്നു വെളിയം. 1965ല്‍ കണ്‍ട്രോള്‍ കമീഷന്‍ അംഗം. 67ല്‍ സെക്രട്ടേറിയറ്റിലും 71ല്‍ ദേശീയ കൗണ്‍സിലിലുമെത്തി. 1984 മുതല്‍ 98 വരെ നാല് തവണ അസിസ്റ്റന്റ് സെക്രട്ടറി. അവിടെ നിന്നാണ് സെക്രട്ടറിയാകുന്നത്. പി കെ വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ അമരത്ത്. 1998ലായിരുന്നു അത്. പാര്‍ട്ടിയെ നയിക്കുക മാത്രമായിരുന്നില്ല വെളിയത്തിന്റെ പണി. മുന്നണിക്കകത്ത് മേല്‍വിലാസം നിലനിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വം കൂടിയുണ്ടായിരുന്നു.
മുഖം നോക്കാതെ പറയാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെ കാത്തിരുന്ന പാര്‍ട്ടിക്ക് വെളിയം നല്‍കിയത് പുതുജീവന്‍. വെളിയത്തിന്റെ കാര്‍ക്കശ്യവും ഗര്‍ജനവും കേരള രാഷ്ട്രീയത്തിലെ സി പി ഐയുടെ അടയാളമായി. ഒപ്പം നടക്കുന്നവര്‍ സമവായത്തിനായി നാവടക്കിയപ്പോള്‍ വെളിയം അടങ്ങിനിന്നില്ല. നട്ടെല്ലോടെ വെളിയം ഒറ്റക്ക് നേരിട്ടു.
നാവടക്കിയവര്‍ പാര്‍ട്ടി കോട്ടകള്‍ വരെ എതിരാളികള്‍ക്ക് അടിയറ വെച്ചപ്പോഴും പാര്‍ട്ടി സെക്രട്ടറിക്ക് തരപ്പെടുത്താവുന്ന ഉറച്ച സീറ്റുകളിലേക്ക് ആ കണ്ണുകള്‍ നീണ്ടില്ല. 60ല്‍ അഴിച്ചുവെച്ച പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ കുപ്പായം പിന്നീട് ഒരിക്കലും ധരിക്കാന്‍ അദ്ദേഹം മോഹിച്ചതു പോലുമില്ല.
സമരവഴികളിലും വെളിയത്തിന്റെ നിറസാന്നിധ്യമുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ തുടങ്ങി അവകാശ പോരാട്ടങ്ങളിലൂടെ അത് തുടര്‍ന്നു. 1954ലെ ട്രാന്‍സ്‌പോര്‍ട്ട് സമരം വെളിയത്തിന്റെ പോരാട്ട വീര്യം വ്യക്തമാക്കിക്കൊടുത്തു. പോലീസുകാര്‍ കൊടില്‍ ഉപയോഗിച്ച് വെളിയത്തിന്റെ മീശ പിഴുതെടുത്തു. എന്നിട്ടും മതി വരാതെ പൊലീസ് കൊടിയ മര്‍ദനമാണ് വെളിയത്തിനു നേരെ അഴിച്ചുവിട്ടത്. വെളിയത്തിനു നട്ടെല്ലിനു പരുക്കേറ്റെങ്കിലും ആ നട്ടെല്ല് നിവര്‍ന്നുതന്നെ നിന്നു.
അധികാരത്തിലേറിയപ്പോഴും വമ്പന്‍ പരാജയങ്ങളേറ്റുവാങ്ങിയപ്പോഴും പാര്‍ട്ടി ഏറെ ചോദ്യങ്ങള്‍ നേരിട്ടു. നേതാക്കള്‍ക്ക് നേരെ വിമര്‍ശങ്ങളുടെ കൂരമ്പുകള്‍ പാഞ്ഞു. എന്നാല്‍, കയറ്റിറക്കങ്ങളേറെ കണ്ട പാര്‍ട്ടിയില്‍ ഒരു കാലത്തും വെളിയം ചോദ്യം ചെയ്യപ്പെട്ടില്ല.
അമരത്തേക്ക് പകരം വെക്കാന്‍ പറ്റിയൊരാളില്ലെന്ന തിരിച്ചറവ് തന്നെയാണ് ദീര്‍ഘകാലം വെളിയത്തെ സംസ്ഥാന സെക്രട്ടറി പദത്തിലിരുത്തിയത്. അവശതയുടെ അവസാന പോയിന്റ് വരെ ആശാന്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും പ്രായാധിക്യം വെളിയത്തെ തിരശ്ശീലക്ക് പിന്നിലാക്കി. സി കെ ചന്ദ്രപ്പന് പാര്‍ട്ടിയുടെ ബാറ്റണ്‍ കൈമാറിയെങ്കിലും മാര്‍ഗദര്‍ശിയായി വെളിയം നിറഞ്ഞു നിന്നു. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്മാരകമായിരുന്നു ആശാന്റെ തട്ടകം.
കമ്മ്യൂണിസ്റ്റ് ഐക്യമായിരുന്നു വെളിയത്തിന്റെ എക്കാലത്തെയും സ്വപ്‌നം. അവസാനം പങ്കെടുത്ത പൊതുപരിപാടിയില്‍ പങ്ക് വെച്ചതും ഈ വലിയ സ്വപ്‌നം തന്നെ. നടക്കുമെന്ന് പ്രതീക്ഷയില്ലാത്ത ആ വലിയ സ്വപ്‌നം ബാക്കിവെച്ച് വെളിയം പടിയിറങ്ങുകയാണ്. കാവിയണിഞ്ഞും പട്ടിണി കിടന്നും പീഡനമേറ്റും പാകപ്പെട്ട ഈ കമ്യൂണിസ്റ്റ് ജീവിതം ശാന്തികവാടത്തിലെ അഗ്നിനാളങ്ങളില്‍ ഇന്ന് വൈകുന്നേരം എരിഞ്ഞടങ്ങും.

 

---- facebook comment plugin here -----

Latest