Connect with us

Malappuram

ദുരിതക്കടല്‍ താണ്ടി അവര്‍ മടങ്ങിയെത്തി

Published

|

Last Updated

മലപ്പുറം‘: നീണ്ട ഒന്‍പത് മാസം. മാറ്റിയുടുക്കാന്‍ വസ്ത്രങ്ങളില്ല. ആകെയുണ്ടായിരുന്നത് പോലീസ് പിടികൂടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം മാത്രം. ഭക്ഷണം പച്ചവെള്ളവും ഖുബ്ബൂസും…” ഇറാന്‍ ജയിലില്‍ നിന്ന് ദുരിതങ്ങളുടെ ഭാരമിറക്കി പ്രിയപ്പെട്ടവരുടെ അരികിലെത്തിയ മത്സ്യത്തൊഴിലാളികളുടെ വാക്കുകളില്‍ തടവറയില്‍ അനുഭവിക്കേണ്ടിവന്ന വേദനയും ഭീതിയും. “എല്ലാവര്‍ക്കും നന്ദിയുണ്ട്. മോചനത്തിനായി ശ്രമിച്ച സംഘടനകള്‍ക്കും ഇന്ത്യന്‍ എംബസിക്കും മന്ത്രി ഇ അഹമ്മദിനും പ്രാര്‍ഥനയോടെ കാത്തിരുന്ന കുടുംബങ്ങളോടും നാട്ടുകാരോടും…”

MALAPPURAMസഊദി അറേബ്യയിലെ അല്‍ ജുബൈലില്‍ നിന്ന് സമുദ്രാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് ഇറാന്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളായ താനൂര്‍ പുതിയ കടപ്പുറം ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ് കാസിം (45), താനൂര്‍ ഒസ്സാന്‍ ബീച്ച് കുട്ട്യാമുവിന്റെ പുരക്കല്‍ കോയ (25), പരപ്പനങ്ങാടി വളപ്പില്‍ അബ്ദുല്ലക്കോയ (45) എന്നിവരാണ് ഒന്‍പത് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയത്. മുംബൈയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 1.25നാണ് ഇവര്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. സ്വീകരിക്കാന്‍ മാതാപിതാക്കളും കുടുംബങ്ങളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു. മന്ത്രി പി കെ അബ്ദുര്‍റബ്ബ്, എം എല്‍ എമാരായ കുട്ടിഅഹമ്മദ്കുട്ടി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, മമ്മുണ്ണി ഹാജി, പ്രവാസി കാര്യ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പി എം എ സലാം, മത്സ്യഫെഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, ജില്ലാ പഞ്ചായത്ത് അംഗം എ കെ അബ്ദുര്‍റഹ്മാന്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ സി അബ്ദുര്‍റശീദ്, താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി അഷ്‌റഫ് എന്നിവരും എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി 1.45 ഓടെ പുറത്തിറങ്ങിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. സംഘത്തിലെ പ്രായംകൂടിയ വ്യക്തി കാസിമായിരുന്നു. ഉമ്മ ബീപാത്തുവും രണ്ട് മക്കളും ഇദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മകനെ കണ്ടതോടെ ഇവരുടെ സങ്കടം അണപൊട്ടി.
പിന്നീട് മാധ്യമ പ്രവര്‍ത്തകരെ കണ്ട കാസിം മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിപറഞ്ഞു. ഒരു വര്‍ഷമായിരുന്നു ജയില്‍ ശിക്ഷ. ഇതിനിടക്ക് ഇറാനില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ തന്നെ മോചനം പ്രതീക്ഷിച്ചിരുന്നു. പിന്നീട് ആറ് മാസമായി ശിക്ഷ ചുരുക്കിയതായി ഉത്തരവ് വന്നു. പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പണവും ഇല്ലാതിരുന്നതിനാല്‍ എങ്ങനെ നാട്ടിലെത്തുമെന്ന കാര്യത്തില്‍ ആശങ്കയായിരുന്നു. ശിക്ഷ കഴിഞ്ഞതിന് ശേഷവും മൂന്ന് മാസം അവിടെത്തന്നെ കഴിയേണ്ടിവന്നു. കെ എം സി സി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലെത്താനുള്ള വഴികള്‍ എളുപ്പമായതെന്ന് കാസിം പറഞ്ഞു.

 

 

Latest