ടി പി വധക്കേസ്: കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് തിരുവഞ്ചൂര്‍

Posted on: September 19, 2013 6:00 am | Last updated: September 18, 2013 at 11:32 pm

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന 20 പേരെ വെറുതെ വിട്ട നടപടിക്കെതിരെ നിയമവശം ആലോചിച്ചശേഷം അപ്പീല്‍ പോകും. ഇക്കാര്യത്തില്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നുണ്ട്. അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ തന്നെ അപ്പീല്‍പോകും. പബ്ലിക് പ്രോസിക്യൂട്ടര്‍മാരിലും അന്വേഷണ സംഘത്തിലും പൂര്‍ണ്ണവിശ്വാസമുണ്ട്. അന്വേഷണ സംഘത്തെ വിമര്‍ശിക്കുന്നവര്‍ കുളത്തിന്റെ കരയില്‍ നിന്ന് നീന്തലിനെക്കുറിച്ച് സംസാരിക്കുന്നതുപോലെയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ടി പി വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരുമായി മന്ത്രി രഹസ്യമായി കൂടിക്കാഴ്ച നടത്തി. പോലീസിന്റെ അകമ്പടി പോലും ഒഴിവാക്കി അതീവരഹസ്യമായാണ് മന്ത്രി എത്തിയത്.