ബി ജെ പിയിലേക്ക് തിരിച്ചുവരാന്‍ ഊര്‍ജിത ശ്രമങ്ങളുമായി യഡിയൂരപ്പ

Posted on: September 19, 2013 6:00 am | Last updated: September 18, 2013 at 11:18 pm

ന്യൂഡല്‍ഹി: ബി ജെ പിയിലേക്ക് തിരിച്ചുവരാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, രാജനാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുമായി ചര്‍ച്ച നടത്താന്‍ ദൂതനെ യഡിയൂരപ്പ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. കെ ജെ പി പാര്‍ട്ടി ബി ജെ പിയില്‍ ലയിപ്പിച്ച് സമവായം ഉണ്ടാക്കാനാണ് ശ്രമം.

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയ പശ്ചാത്തലത്തിലാണ് ബി ജെ പിയിലേക്ക് മടങ്ങാന്‍ യഡിയൂരപ്പ ആഗ്രഹം പ്രകടിപ്പിച്ചത്. മോഡിയുടെ സ്ഥാനക്കയറ്റത്തെ പിന്തുണച്ചും ബി ജെ പിയില്‍ ലയിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചും ഇന്നലെ വിളിച്ചുചേര്‍ത്ത കെ ജി പിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രമേയം പാസ്സാക്കി. ബി ജെ പി നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ അടുത്ത അനുയായി ലേഹാര്‍ സിംഗ് എം എല്‍ സിയെയാണ് ഡല്‍ഹിയിലേക്കയച്ചത്. ജയ്റ്റ്‌ലിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അഴിമതിക്കേസില്‍ യഡിയൂരപ്പ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിയ അഡ്വാനിയുമായി ചര്‍ച്ച നടത്താന്‍ അനുവാദം ചോദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് ബി ജെ പി വിട്ട് യഡിയൂരപ്പ കെ ജെ പി രൂപവത്കരിച്ചത്.