Connect with us

Kerala

അട്ടപ്പാടിയിലെ കാര്‍ഷിക പാക്കേജ് പാളി

Published

|

Last Updated

പാലക്കാട്: ആദിവാസി ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക പാക്കേജ് പാളി. കര്‍ഷകര്‍ക്ക് നല്‍കിയ തൈകള്‍ ഉണങ്ങിപ്പോയിരിക്കുകയാണ്. 3.5 കോടി രൂപയുടെ തൈകളാണ് കാര്‍ഷിക പാക്കേജിന് വേണ്ടി അട്ടപ്പാടിയിലേക്ക് വിവിധ ഫാമുകളില്‍ നിന്ന് കൊണ്ടുവന്നത്. തൈകള്‍ക്ക് വേണ്ടത്രെ സംരക്ഷണം കൊടുക്കാത്തതാണ് ഉണങ്ങിപ്പോകാന്‍ കാരണമെന്നും പറയുന്നു.
50 കോടി രൂപയുടെ പദ്ധതിയാണ് അട്ടപ്പാടി കാര്‍ഷിക പാക്കേജ്. പരാമ്പരാഗത ആഹാരത്തില്‍ നിന്ന് ആദിവാസികള്‍ വ്യതിചലിച്ചതാണ് അട്ടപ്പാടിയില്‍ ശിശുമരണങ്ങളടക്കമുള്ളവക്ക് കാരണമെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് തൈകള്‍ അട്ടപ്പാടിയിലേക്ക് നടുന്നതിന് വേണ്ടി കൊണ്ടുവന്നത്. ഇതാകാട്ടെ ഉണങ്ങിപ്പോകുകയും ചെയ്തു.
അട്ടപ്പാടി പാക്കേജിന്റെ ഭാഗമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നതയാണ് കാര്‍ഷിക പാക്കേജ് പാളാന്‍ ഇടയാക്കിയതെന്നും ആരോപണമുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് സ്‌പെഷ്യല്‍ ഓഫീസറും നോഡല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നതെന്നും തങ്ങളോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നുമാണ് ജനപ്രതിനിധികളുടെ പരാതി. അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉയര്‍ന്ന പ്രധാന വിമര്‍ശം സര്‍ക്കാര്‍ വകുപ്പുകളിലെ ഏകോപനമില്ലായ്മയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുതന്നെ ആവര്‍ത്തിച്ചു. അങ്ങനെയാണ് അട്ടപ്പാടി പാങ്കേജിന്റെ സ്‌പെഷ്യല്‍ ഓഫീസറായി റിട്ടയേര്‍ഡ് ഐ എ എസ് ഓഫീസറായ സുബ്ബയയെ നിയമിച്ചത്. ഇതുകൂടാതെ ആരോഗ്യം, പോലീസ്, കുടുംബശ്രീ, അഹാഡ്‌സ് എന്നിവക്ക് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചു. —ഇവരെല്ലാം തന്നിഷ്ടം കാണിക്കുകയാണെന്നും തങ്ങളോട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നിലെന്നുമാണ് ഇപ്പോള്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന പരാതി. അട്ടപ്പാടിക്കായി പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ തങ്ങളെകൂടി പങ്കാളികളാക്കണമെന്ന് പറഞ്ഞ് ജനപ്രതിനിധികള്‍ വിവിധ വകുപ്പ് മന്ത്രിമാരെയും കണ്ടിരുന്നു. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. വന്‍ പദ്ധതികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതിനാലാണ് തങ്ങളെ അകറ്റിനിര്‍ത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.