സമാധാന ശ്രമം: ശൈഖ് ഖലീഫയെ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു

Posted on: September 17, 2013 11:03 pm | Last updated: September 17, 2013 at 11:03 pm

അബുദാബി: രാജ്യാന്തര തലത്തില്‍ സമാധാനം നിലനിര്‍ത്താനും വികസനം ഉറപ്പാക്കാനും യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നടത്തുന്ന പരിശ്രമങ്ങളെ യു എന്‍ സെക്രട്ടറി ജനറല്‍ ബാങ്കി മൂണ്‍ അഭിനന്ദിച്ചു.
യു എന്നിലെ യു എ ഇയുടെ സ്ഥിരം പ്രതിനിധിയായിരുന്ന അഹമ്മദ് അബ്ദുല്‍റഹ്മാന്‍ അല്‍ ജര്‍മാന് നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കവേയാണ് സെക്രട്ടറി ജനറല്‍ ശൈഖ് ഖലീഫയുടെ പരിശ്രമങ്ങളെ പ്രകീര്‍ത്തിച്ചത്. 2007 മുതലായിരുന്നു അഹമ്മദ് യു എ ഇയുടെ പ്രതിനിധിയായി യു എന്നില്‍ എത്തിയത്. പ്രതിനിധിയായി സേവനം അനുഷ്ഠിക്കവേ അഹമ്മദ് നടത്തിയ നയതന്ത്ര ശ്രമങ്ങളെയും ബാങ്കി മൂണ്‍ പ്രകീര്‍ത്തിച്ചു. യു എന്നിനായി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് യു എ ഇ പ്രതിനിധി നടത്തിയത്. പ്രത്യേകിച്ചും സാമ്പത്തികവും ജീവകാരുണ്യപരവുമായ രംഗങ്ങളില്‍. യു എന്നിന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യൂ എ ഇ നല്‍കിയ കൈയയഞ്ഞ സഹായത്തെ പ്രശംസിക്കാനും സെക്രട്ടറി ജനറല്‍ മറന്നില്ല.