കറന്‍സി കടത്ത്: 10 പേര്‍ പിടിയില്‍

Posted on: September 17, 2013 10:56 pm | Last updated: September 17, 2013 at 10:56 pm

അബുദാബി: വിദേശ കറന്‍സി കടത്തുന്ന രണ്ട് സംഘങ്ങളിലെ 10 പേരെ അബുദാബി പോലീസ് പിടികൂടി. ദുബൈ, ഷാര്‍ജ, അജ്മാന്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളില്‍ വ്യത്യസ്ത ജോലികള്‍ ചെയ്യുന്നവരാണ് പിടിയിലായവര്‍. ഇവരില്‍ അധികവും പാക്കിസ്ഥാനികളാണ്.
ഈ മാസം അഞ്ചിന് പടിഞ്ഞാറന്‍ മേഖലയില്‍ മിര്‍ഫയിലെ പ്രധാന നിരത്തിലൂടെ കാറോടിച്ചു പോകുകയായിരുന്ന യുവാവിനെ മൂന്ന് കാറുകളിലായി പിന്തുടര്‍ന്ന സംഘം കാര്‍ തടഞ്ഞു നിര്‍ത്തി സി ഐ ഡികളെന്ന് തെറ്റിദ്ധരിപ്പിച്ച് 10 ലക്ഷത്തോളം സഊദി റിയാല്‍ കവര്‍ന്നിരുന്നു.
പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബൈ, ഷാര്‍ജ, അജ്മാന്‍ പോലീസിന്റെ സഹായത്തോടെ ഇവരെ പോലീസ് പിടികൂടി. സംഘത്തിലെ പലരും മുമ്പ് സാമ്പത്തിക തട്ടിപ്പുകളിലും മറ്റു നിയമലംഘനങ്ങളിലും പങ്കുള്ളവരാണെന്ന് പോലീസ് അറിയിച്ചു.
ഇത്തരത്തില്‍ സമ്പാദിക്കുന്ന പണം എക്‌സ്‌ചേഞ്ച് ടാക്‌സ് വെട്ടിച്ചു കടത്തി ലാഭം നേടുകയാണ് സംഘത്തിന്റെ രീതിയെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.