അഴിമതിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ നീക്കം

Posted on: September 16, 2013 1:08 am | Last updated: September 16, 2013 at 1:08 am

തിരുവനന്തപുരം: അഴിമതിക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യാനുള്ള വകുപ്പ് മന്ത്രിയുടെ ഉത്തരവിനെ മറികടന്ന് നഗരസഭാ സെക്രട്ടറിയെ സംരക്ഷിക്കാന്‍ നീക്കം തുടങ്ങി. തിരുവല്ല നഗരഭാ സെക്രട്ടറി കെ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വകുപ്പ് മന്ത്രിയുടെ ഉത്തരവ് നടപ്പാക്കാനുള്ള നീക്കമാണ് ഉന്നതര്‍ ഇടപെട്ട് തടഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുധീറിനെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉത്തരവിട്ടത്. എന്നാല്‍ സുധീറിന്റെ സസ്‌പെന്‍ഷന്‍ ഒഴിവാക്കി ജില്ലക്ക് പുറത്ത് നിയമിക്കാനുമാണ് പുതിയ ഉത്തരവ്. തിരുവല്ല നഗരസഭയിലെ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ അഴിമതി ലക്ഷ്യമിട്ട് ഇടനിലക്കാരിയെ നിയോഗിക്കുകയും ഓഫീസില്‍ സ്ഥിരം സീറ്റ് നല്‍കുകയും ചെയ്ത കാര്യം വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി കെ സുധീര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 25 നാണ് മന്ത്രി സസ്‌പെന്‍ന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. എന്നാല്‍ മന്ത്രി ഒപ്പിട്ട ഫയല്‍ അസാധാരണ രീതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിപ്പിക്കുകയായിരുന്നു. കെ സുധീറിന്റെ സസ്‌പെന്‍ഷന്‍ മാത്രം റദ്ദാക്കിയ ശേഷം ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയാല്‍ മതിയെന്ന് ഫയലില്‍ നിര്‍ദേശിച്ചു.
പിന്നീട് ആഗസ്റ്റ് 23 ന് ഉത്തരവിറങ്ങിയപ്പോള്‍ ടൗണ്‍ പ്ലാനിംഗ് സൂപ്രണ്ട് വി രാജഗോപാല പിള്ള, സെക്ഷന്‍ ക്ലാര്‍ക്ക് കെ ജി. മുരളീധരന്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷനുണ്ടായെങ്കിലും കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയന്റെ സംസ്ഥാന ഭാരവാഹിയായ കെ സുധീറിനെതിരെ ഒരു നടപടിയുമുണ്ടായില്ല. അഴിമതി നടത്താന്‍ ഇടനിലക്കാരിയെ വരെ ഓഫീസില്‍ നിയമിച്ച ഒരു ഉദ്യോഗസ്ഥന് ശിക്ഷയില്ലെന്ന് മാത്രമല്ല , പ്രമോഷന്‍ ആകുംവരെ തത്സ്ഥാനത്ത് തുടരാനുള്ള സൗകര്യം കൂടിയാണ് ചെയ്തുകൊടുക്കുന്നത്.