Connect with us

National

അസാറാം ബാപ്പുവിന് ഭൂമി അനുവദിച്ചതില്‍ ദുഃഖിക്കുന്നു: ദിഗ്‌വിജയ് സിംഗ്‌

Published

|

Last Updated

ഭോപ്പാല്‍: താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അസാറാം ബാപ്പുവിന് ഭൂമി അനുവദിച്ചതില്‍ ഇന്ന് ദുഃഖിക്കുന്നുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. ബലാത്സംഗ കേസില്‍ അസാറാം ബാപ്പു ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അസാറാം ബാപ്പുവിന് ഭൂമി അനുവദിച്ചത് വലിയ തെറ്റായിപ്പോയി. ഇന്ന് അതില്‍ ഖേദിക്കുന്നു. ഭൂമി തിരികെ പിടിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറാകണമെന്നും സിംഗ് പറഞ്ഞു. ഷാജാപൂര്‍ ജില്ലയിലെ സുസ്‌നറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാറാം ബാപ്പുവിന് സംരക്ഷണം നല്‍കുന്ന സമീപനമാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1998ല്‍ അസാറാം ബാപ്പുവിന്റെ ആശ്രമത്തിന് ഭൂമി നല്‍കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ശിപാര്‍ശ ചെയ്തിരുന്നു. അദ്ദേഹം മോശമായ പ്രവണതകളിലേക്ക് വഴുതിപ്പോകുമെന്ന് അന്ന് ആരും പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ ബോധ്യമായിരിക്കുന്നു. അതുകൊണ്ട് പഴയ തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1,100 കോടി രൂപയാണ് വിവാദ യോഗഗുരു രാം ദേവിന്റെ ആസ്തി. ഇത്രയും തുക അദ്ദേഹം എവിടെ നിന്ന് ശേഖരിച്ചുവെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ദിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടി. 1993 മുതല്‍ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ദിഗ്‌വിജിയ് സിംഗ്.