എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് തുടങ്ങി

Posted on: September 16, 2013 12:25 am | Last updated: September 16, 2013 at 12:25 am

ചിറക്കമ്പം(സി എം വലിയുല്ലാഹി നഗര്‍): കേരളാ സ്റ്റേറ്റ് സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എസ് എസ് എഫ്) 20-ാമത് വയനാട് ജില്ലാ സാഹിത്യോത്സവ് ആരംഭിച്ചു. പത്ത് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാനന്തവാടി 25, തരുവണ36, ബത്തേരി 37, മേപ്പാ ടി 18, കല്‍പറ്റ 38 എന്നിങ്ങനെയാണ് പോയിന്റ് നില. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവില്‍ അഞ്ചു ഡിവിഷനുകളില്‍ നിന്നായി 500ഓളം പ്രതിഭകളാണ് വിവിധ ഇനങ്ങളില്‍ മാറ്റുരക്കുന്നത്.
കലാകൗമാരത്തിന്റെ തൂലികയില്‍ നിന്നുതിരുന്ന അക്ഷരക്കൂട്ടുകള്‍ അഗ്നിയായും വാക്കുകള്‍ പടവാളുകളായും മാറും. ഗാനങ്ങള്‍ ശ്രവണ സുന്ദരമായി മനസുകള്‍ക്ക് കുളിര്‍പകരുമ്പോള്‍ മൂല്യം നഷ്ടപ്പെടുന്ന മാപ്പിളകലകളുടെ തിരിച്ചുപിടിക്കലിനും കൂടി സാഹിത്യോത്സവ് വേദിയാകും.
കലയും സാഹിത്യവും മാനുഷികമാവണമെന്നും സാഹിത്യകാരന്റെ അക്ഷരങ്ങള്‍ പ്രാമുഖ്യം നല്‍കേണ്ടത് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്കാണെന്ന് പ്രശസ്ത എഴുത്ത് കാരന്‍ ഒ എം തരുവണ പറഞ്ഞു. എസ് എസ് എഫ് 20ാം ജില്ലാ സാഹിത്യോത്സവ് സുല്‍ത്താന്‍ ബത്തേരി ചിറക്കമ്പം മര്‍കസ് വയനാട് ഓര്‍ഫനേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനും പ്രകൃതിയും ഒരു പോലെ നിലനില്‍പിന് പോരാടുന്ന ഇക്കാലത്ത് കലയും സാഹിത്യവും ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി അധ്യക്ഷത വഹിച്ചു.സുന്നീ മാനെജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി എം എസ് തങ്ങള്‍ പ്രാര്‍ഥന നടത്തി. കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, കെ ഒ അഹമ്മദ്കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, കെ സി സൈദ് ബാഖവി, മുഹമ്മദലി ഫൈസി കണിയാമ്പറ്റ, ഉമര്‍ സഖാഫി ചെതലയം, മുഹമ്മദലി സഖാഫി പുറ്റാട്, ജാഫര്‍ ഓടത്തോട്, അബ്ദുല്‍ഗഫൂര്‍ സഖാഫി സംബന്ധിച്ചു. ജമാലുദ്ദീന്‍ സഅദി സ്വാഗതവും ഷമീര്‍ തോമാട്ടുചാല്‍ നന്ദിയും പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം ജോയ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ്ഷമീര്‍ ബാഖവി അധ്യക്ഷത വഹിക്കും. ഫലാഹ് പ്രിന്‍സിപ്പല്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി അവാര്‍ഡ് ദാനം നിര്‍വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി. എസ് എസ് എഫ് ജില്ലാ ഡി സി കബീര്‍ എളേറ്റില്‍,രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ഷറഫുദ്ദീന്‍ സംബന്ധിക്കും.