ഓണനാളിലും ഉണര്‍ന്നിരുന്ന് ഒരാള്‍

  Posted on: September 16, 2013 12:25 am | Last updated: September 16, 2013 at 12:27 am

  Bhaskara Pillai 2ഉണര്‍വിന്റെ ജാഗ്രത. ദശലക്ഷക്കണക്കിനു വിദേശികള്‍ വസിക്കുകയും തൊഴിലും വ്യവസായവും നടത്തകയും ചെയ്യുന്ന ഒമാനില്‍ വാര്‍ത്തകളുടെയും വിവരങ്ങളുടെയും ലോകത്ത് ജാഗ്രതയോടെ സേവനമനുഷ്ഠിക്കന്നു ഒരു മലയാളി. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ സുപ്രധാന ചുമതലയിലിരുന്ന് ഒരു രാജ്യത്തിന്റെ നിതാന്ത ജാഗ്രതയിലല്‍ പങ്കു ചേരുന്ന തിരുവനന്തപുരം സ്വദേശി കെ പി ഭാസ്‌കരന്‍ പിള്ളയെ മലയാളികള്‍ക്കിടയില്‍ പോലും അധികമാരുമറിയില്ല. ഇന്‍ഫര്‍മേഷന്‍ മന്ത്രാലത്തിലെ സെന്‍സറിംഗ് ഓഫീസറാണ് ഭാസ്‌കരന്‍ പിള്ള. അറിയപ്പെടാനുള്ള ആഗ്രഹമോ പദവിയുടെ നാട്യമോ ഇല്ലാതെ സ്വന്തം ഉത്തരവാദിത്തത്തില്‍ ശ്രദ്ധ യൂന്നിയ സേവന ജീവിതം നയിക്കുന്നതു കൊണ്ടാകണം നിരവധി സംഘടനകളും കൂട്ടായ്മകളുമൊക്കെയുണ്ടായിട്ടും അവിടെയൊന്നും ഭാസ്‌കരന്‍പിള്ള പതുവുകാരനാകാതെ പോയത്.
  ഒരു ഓണം കൂടി വിരുന്നെത്തുമ്പോള്‍ ഭാസ്‌കരന്‍ പിള്ളയും കുടുംബ സമേതം ഓണത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്. പക്ഷേ, തിരുവോണനാളിലും അവധിയെടുക്കാതെ അദ്ദേഹം ഓഫീസിലെത്തും. രാജ്യത്തു വിതരണം ചെയ്യുന്ന മലയാളമുള്‍പെടെയുള്ള വിവിധ ഭാഷാ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കും. ഒരുദിവസം അവധിയെടുത്താല്‍ പിറ്റേന്നു താന്‍ തന്നെ വന്നു ചെയ്യേണ്ട ജോലിയായതിനാല്‍ അതതു ദിവസം തന്നെ തീര്‍ക്കുകയാണെന്ന് അദ്ദേഹം പറയുന്നു. വാരാന്ത്യ അവധിദിനങ്ങളിലും പിള്ള പതിവുപോലെ ഓഫീസിലുണ്ടാകും. രാവിലെ ജോലികള്‍ തീര്‍ത്ത് ഉച്ചയോടെ മടങ്ങും. കസ്റ്റംസിന് അവധിയുള്ള ഈദ് ദിനത്തില്‍ മാത്രമാണ് അവധിയെടുക്കുക. ഈ വര്‍ഷത്തെ ഓണത്തിനും പതിവു തെറ്റിക്കില്ലെന്ന് അദ്ദേഹം പറയുന്നു.
  കൂട്ടുകുടുംബമായി ജീവിച്ച കുട്ടിക്കാലത്തെ ഓണത്തെപ്പറ്റി ഭാസ്‌കരന്‍ പിള്ള ഒരു അവധിദിവസം ഓഫീസിലിരുന്ന് സംസാരിച്ചു. ജോലിയില്‍ കാര്‍ക്കശ്യക്കാരനായ പിള്ളയുടെ മനസ്സിലെ ഓണം ഓര്‍മകള്‍ പറയുമ്പോള്‍ നിഷ്‌കളങ്കനായ ഒരു ഗ്രാമീണ കുടുംബനാഥനും ഭര്‍ത്താവും പിതാവുമൊക്കെയായി അദ്ദേഹം മാറുന്നു. വലിയ കുടുംബത്തില്‍ ആഘോഷപൂര്‍വം പത്തു ദിവസം മുമ്പേ ഓണാഘോഷം തുടങ്ങും. എല്ലാദിവസവും പഴങ്ങളും പലഹാരങ്ങളും. കുട്ടിക്കാലത്ത് അതുതന്നെ വലിയ ആഹ്ലാദമായിരുന്നു. പഴക്കുല വീട്ടില്‍ കെട്ടിത്തൂക്കിയിട്ടിരിക്കും. അടുത്ത വീടുകള്‍ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങളുടെതാണ്. അവിടെനിന്നെല്ലാം കുട്ടികളും മുതിര്‍ന്നവരും വരും. ഓണത്തിന് ആറമ്മുളയിലുള്ള അമ്മാവന്റെ വീട്ടിലെത്തി വള്ളംകളി കാണാന്‍ പോകുമായിരുന്നു.
  ഓര്‍ക്കാന്‍ നല്ലത് പഴയ ഓണമാണ്. ഇപ്പോള്‍ ആളുകള്‍ ആസ്വദിക്കുകയാണ്. വിപണിയുടെ കളികളാണിപ്പോള്‍. ഓണമായാല്‍ കച്ചവടക്കാര്‍ക്കാണ് കോള്. വീടുകളിലല്ല ഹോട്ടലുകളിലാണിപ്പോള്‍ ഓണം. പുതിയ കുട്ടികള്‍ക്ക് ഓണമില്ല. അവര്‍ക്ക് ഓണസദ്യയിലും താത്പര്യമില്ല. ഇവിടെ ഓണക്കോടിപോലും പലപ്പോഴും എടുക്കാറില്ല. നാട്ടിലായിരുന്നെങ്കില്‍ അതെല്ലാം തുടരുമായിരുന്നു. ഗള്‍ഫ് അതെല്ലാം മാറ്റി മറിച്ചു. നാലു പതിറ്റാണ്ടോളമായി ഒമാനിലാണ് ഓണം. ഇടക്ക് ചില വര്‍ഷങ്ങളില്‍ മാത്രം നാട്ടില്‍ ഓണത്തിനു കൂടി.
  ഇപ്പോള്‍ നാട്ടിലേതിനേക്കാള്‍ ഓണം നടക്കുന്നത് ഗള്‍ഫിലാണ്. എല്ലാ അവധിദിനങ്ങളിലും ഓണമായിരിക്കും. കലാപരിപാടികളും മാവേലി വരവും ഓണസദ്യയുമൊക്കെയായി ഇവിടെ ഓണക്കാലം പൊടിപൊടിക്കുന്നു. വിവിധ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. തനിമയുടെ ഉത്സവം തന്നെയാണ് ഓണം. മനുഷ്യരുടെ ആഘോഷവും.
  *****
  1974ലാണ് ജോലി തേടി ഭാസ്‌കരന്‍ പിള്ള ഒമാനിലേക്കു വരുന്നത്. ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിടെ നിന്നാണ് മസ്‌കത്തിലെത്തുന്നത്. ആദ്യ ഒരു വര്‍ഷം അല്‍ ഫലജ് ഹോട്ടലില്‍ ജോലി ചെയ്ത ശേഷം 1976ലാണ് മന്ത്രാലയത്തില്‍ ജോലിക്കു ചേരുന്നത്. 1985 മുതല്‍ സെന്‍സറിംഗ് ഓഫീസറായി ചുമതലയില്‍ വന്നു. അന്നു മുതല്‍ ഇന്നു വരെ ഈ ഉത്തരവാദിത്തത്തില്‍ തുടരുന്നു. സ്തുത്യര്‍ഹമായ സേവനത്തിന് മന്ത്രാലയത്തിന്റെയും മേധാവികളുടെയും പ്രശംസയും അംഗീകാരങ്ങളും നേടി ഓരോ മലയാളികള്‍ക്കും അഭിമാനമായി ഭാസ്‌കരന്‍ പിള്ള ഇന്നും കര്‍മജാഗ്രതയോടെ തുടരുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ വരുന്ന പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ച് രാജ്യത്തു വിതരണം ചെയ്യാനുള്ള അനുമതി നല്‍കുന്നത് പിള്ളയാണ്. മറ്റു ഭാഷകള്‍ക്കൊപ്പം മലയാളഭാഷയെക്കൂടി പ്രതിനിധികീകരിക്കാന്‍ കഴിയുന്നതിലും രാജ്യത്ത് മലയാള പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്നതിന് അവസരങ്ങളും അനുമതിയും നല്‍കാനാകുന്നതിലും പിള്ള അതീവ സന്തുഷ്ടനാണ്. 1970 മുതല്‍ തന്നെ ഇവിടെ മലയാള പ്രസിദ്ധീകരണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ടെന്ന് പിള്ള പറയുന്നു. അന്നു പത്രങ്ങളില്ലായിരുന്നു. വളരെ കുറച്ചു മാത്രം പ്രസിദ്ധീകരണങ്ങള്‍. ഇപ്പോള്‍ പത്രങ്ങളായി, ആനുകാലികങ്ങള്‍ വര്‍ധിച്ചു. ഈ രാജ്യം വിവിധ ഭാഷകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യം എല്ലാവരും ഉപയോഗിക്കുന്നു. പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുന്നതില്‍ മലയാളികള്‍ മുന്നില്‍നില്‍ക്കുന്നു. ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകളില്‍ വളരെ കുറച്ചുമാത്രം പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് ഒമാനിലെത്തുന്നത്. മലയാളത്തില്‍ നോവലുകളും കഥകളുമായി നിരവധി സാഹിത്യ കൃതികളും രാജ്യത്തു വിറ്റഴിക്കപ്പെടുന്നു. ഒമാന്‍ രാജ്യാന്തര പുസ്തകോത്സവത്തിലും മലയാളത്തിനു സ്ഥാനമുണ്ട്. മലയാളത്തിനു വാതില്‍ തുറന്നു കൊടുക്കുന്നത് ഭാസ്‌കരന്‍ പിള്ളയാണ്. തന്റെ നാടിനും ഭാഷക്കും വേണ്ടി ഈയൊരു സേവനം ചെയ്യാനുള്ള നിയോഗമുണ്ടായതില്‍ അദ്ദേഹം അഭിമാനപൂര്‍വം സംതൃപ്തി പറയുന്നു.
  ആളുകള്‍ ഇപ്പോഴും നന്നായി വായിക്കുന്നുണ്ടെന്നാണ് പിള്ളയുടെ നിരീക്ഷണം. ഇന്റര്‍നെറ്റില്‍ ലഭ്യമെങ്കില്‍ പോലും മലയാളികള്‍ പത്രങ്ങളും പുസ്തകങ്ങളും വാങ്ങി വായിക്കുന്നു. ജാതിയും മതവുമൊന്നും വ്യത്യാസമില്ലാതെ ഇവിടെ മലയാളികള്‍ സന്തുഷ്ടരായി ജീവിക്കുന്നു. ഈ രാജ്യം നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. തികഞ്ഞ മാധ്യമ സ്വാതന്ത്ര്യമാണ് ഒമാന്‍ അനുവദിക്കുന്നത്. വസ്തുതകളായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിയന്ത്രണങ്ങളില്ല. വസ്തുകകള്‍ക്കു വിരുദ്ധമായതും രാജ്യത്തിന്റെയും മതത്തിന്റെയും മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതുമായ ഉള്ളടക്കങ്ങള്‍ സ്വാഭാവികമായും അനുവദനീയമല്ലെന്നും അദ്ദേഹം തന്റെ നിരീക്ഷണച്ചുമതലയുടെ ഗൗരവത്തില്‍ തന്നെ ഉണര്‍ത്തുന്നു.
  മേശപ്പുറത്തെത്തുന്ന എല്ലാ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും സൂക്ഷ്മ പരിശോധനക്കു വിധേയമാക്കിയാണ് ഭാസ്‌കര പിള്ള അംഗീകാരം നല്‍കുന്നത്. ഒരു മാസം ഇവ ഓഫീസില്‍ സൂക്ഷിച്ച ശേഷമാണ് സ്റ്റോറിലേക്കു വിടുക. നിതാന്ത ജാഗ്രതയോടെയാണ് തൊഴിലിലെ ഓരോ നിമിഷവും ദിവസവും പിള്ള കൈകാര്യം ചെയ്യുന്നത്. ഒരു ദിവസം ജോലി ചെയ്യാതിരുന്നാല്‍ അസ്വസ്ഥതയാണെന്ന് ഇദ്ദേഹം പറയുന്നു. സമര്‍പ്പണത്തിന്റെ ഈ സേവകനെ അതുകൊണ്ടു തന്നെ അധികാരികള്‍ സന്തോഷപൂര്‍വം അനുമോദിക്കുന്നു.
  ആവുന്ന കാലംവരെ ജോലി ചെയ്യണമെന്നാണ് ഭാസ്‌കരന്‍ പിള്ള പറയുന്നത്. നാലു പതിറ്റാണ്ടോളമായി മസ്‌കത്തിലുള്ള പിള്ളയും കുടുംബവും പതിനഞ്ചു വര്‍ഷമായി ദാര്‍സൈത്തിലാണ് താമസിക്കുന്നത്. ഭാര്യ: രമ. മക്കള്‍: ശബരിനാഥ്, ശ്രീ വിശ്വനാഥ്. യു കെയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ ശബരിനാഥിന്റെ വിവാഹത്തിനായി നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് പിള്ളയും കുടുംബവും. ഒമാന്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഉയര്‍ന്ന ചുമതലയിലിരുന്ന് ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോഴും ഒരു പിതാവിന്റെയും കുടംബനാഥന്റെയും വാത്സല്യവും സ്‌നേഹവും പങ്കു വെച്ചും പകര്‍ന്നും ഭാസ്‌കരന്‍ പിള്ള ഓണക്കാലത്തെക്കുറിച്ചും നാലു പതിറ്റാണ്ടു കാലത്തെ തന്റെ ഒമാന്‍ ജീവിതത്തെക്കുറിച്ചുമുള്ള വര്‍ത്തമാനങ്ങള്‍ പറഞ്ഞു നിര്‍ത്തി.