മണല്‍ നാട്ടില്‍ മാവേലി വരുമ്പോള്‍…

  Posted on: September 15, 2013 9:40 pm | Last updated: September 15, 2013 at 11:54 pm

  Haroon Rasheed

  ഒരു വിശാലമായ ഹാളില്‍ സംഗീതം നുരഞ്ഞൊഴുകുന്നു. കുടുംബ സമേതവും അല്ലാതെയും പലരും വന്നു കൊണ്ടിരിക്കുന്നു. സംഘാടകര്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ നടത്തുന്നു. വേദിക്കു മുമ്പില്‍ ഒരു പൂക്കളം. വേദിയില്‍ അലങ്കരിക്കപ്പെട്ട ഒരു മേശയും അതിനു പിറകില്‍ അഞ്ചോ ആറോ ഇരിപ്പിടങ്ങളും. മേശക്കു മുമ്പില്‍ നിറപറയും പൂക്കുലയും. ഇടതു വശത്ത് ഒരു പ്രസംഗ പീഠം. വലതു വശത്ത് നിലവിളക്ക്. പിന്‍ ചുമരില്‍ ഓണാഘോഷം എന്ന പേരില്‍ ഒരു ബേനര്‍. സദസ്യര്‍ക്കായി ഒരുക്കിയ ഇരിപ്പിടങ്ങള്‍ ഒരു ഭാഗത്തും തീന്‍മേശകള്‍ മറ്റൊരു ഭാഗത്തും. സദസ്സിന്റെ പകുതി ഭാഗം നിറഞ്ഞതോടെ പരിപാടി ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നു. അഥിതികള്‍ ഓരോരുത്തരായി വേദിയിലെത്തി. പ്രാര്‍ഥനാ ഗാനത്തോടെ വേദി ഉണര്‍ന്നു. ഓണാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഐതിഹ്യത്തെ കുറിച്ചും സ്വാഗത പ്രസംഗം. അധ്യക്ഷന്‍ ഉദ്ഘാടകനെ ക്ഷണിക്കുന്നു. മാവേലിയെക്കുറിച്ചും സമത്വ സുന്ദരമായ ഒരു ഭരണത്തെക്കുറിച്ചും സൂചിപ്പിച്ച് ഉദ്ഘാടന പ്രസംഗം. ദീപം കൊളുത്തി ആഘോഷങ്ങളുടെ ഉദ്ഘാടനം. രണ്ട് മൂന്ന് ആശംസാ പ്രസംഗങ്ങള്‍, ശേഷം നന്ദി പ്രകാശനം. വേദിയിലേക്ക് സുന്ദരനായ ഒരു മാവേലി പ്രത്യക്ഷനായി. സദസ്സിലൂടെ നടന്നു. ആര്‍പ്പു വിളികള്‍ മുഴങ്ങി. അനന്തരം വിവിധ കലാ പരിപാടികള്‍. ഇടക്ക് ഓണ സദ്യ. അപ്പോഴും കലാപരിപാടികള്‍ അരങ്ങു തകര്‍ത്തു കൊണ്ടിരുന്നു. വൈകുന്നേരം നിറഞ്ഞ മനസ്സോടെ യാത്ര പറഞ്ഞ് എല്ലാവരും പിരിയുന്നു.

  മറ്റൊരിടത്ത് ഒരു ഫഌറ്റിലെ അടുക്കളയില്‍ ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ ആയ രണ്ടു മൂന്ന് സ്ത്രീകള്‍ ഓണ സദ്യക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്നു. പുരുഷന്‍മാര്‍ എല്ലാവര്‍ക്കും ഇരിക്കാനുള്ള സൗകര്യങ്ങളൊരുക്കുകയും വാഴയിലകള്‍ തുടച്ച് വൃത്തിയാക്കുകയും മറ്റും ചെയ്യുന്നു. കുട്ടികള്‍ ഒരു മുറിയിലിരുന്ന് പലതരം കളികള്‍ കളിക്കുകയോ കാര്‍ട്ടൂണ്‍ ചാനല്‍ കണ്ടിരിക്കുകയോ ചെയ്യുന്നു. ഇതിനിടയില്‍ ഒന്നോ രണ്ടോ കുടുംബങ്ങള്‍ അതിഥികളായി എത്തുന്നു. അവരും മറ്റുള്ളവരോടൊപ്പം കൂടുന്നു. ഉച്ചയായതോടെ എല്ലാവരും കൂടിയിരുന്ന് ഓണ സദ്യയുണ്ണുന്നു. അതിനു ശേഷം ഓരോരോ കാര്യങ്ങള്‍ പറഞ്ഞിരുന്ന് സന്ധ്യക്ക് മുമ്പായി ആതിഥേയരോട് യാത്ര പറഞ്ഞ് അതിഥികള്‍ പിരിഞ്ഞു പോകുന്നു.

  മലയാളികളുടെ മാതൃഭൂമിയായ കേരളത്തില്‍ നടക്കുന്ന രണ്ട് തരത്തിലുള്ള ഓണാഘോഷങ്ങളല്ല ഇവ. പൂത്തുമ്പിയും പൂവിളികളുമില്ലെങ്കിലും ഓണം ആഘോഷമായിത്തന്നെ കൊണ്ടാടുന്ന മറുനാടന്‍ മലയാ

  onam at gulf

  ളികളുടെ അനുഭവങ്ങളാണ്. എവിടെ മലയാളികളുണ്ടോ അവിടെ ഓണാഘോഷമുണ്ടെന്നത് അന്വര്‍ഥമാക്കാനെന്ന പോലെ ഗള്‍ഫിലെ മലയാളികളും സജീവമായി തന്നെ

  ഓണമാഘോഷിക്കുന്നു. പ്രവാസികളുടെ ഓണാഘോഷ പരിപാടികള്‍ക്ക് നാട്ടില്‍ നിന്ന് സാംസ്‌കാരിക വ്യക്തിത്വമോ രാഷ്ട്രീയ നേതാക്കളോ എത്തുന്നു. അങ്ങിനെയാരും ഇല്ലെങ്കില്‍ പ്രദേശത്തെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരിക്കും ഉദ്ഘാടകന്‍. ആശംസാ പ്രസംഗകരായി ഏതെങ്കിലും വ്യവസായ പ്രമുഖരോ സാഘടനാ ഭാരവാഹികളോ ഉണ്ടാകും. ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി എത്തുന്നു. വാഴയില മുതല്‍ പാലട പ്രഥമന്‍ വരെ. പ്രാദേശിക കൂട്ടായ്മകളും വിവിധ സംഘടനകളും ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ആഴ്ചയിലെ അവധി ദിവസമായ വെള്ളിയാഴ്ചയാണ് സാധാരണയായി ഓണാഘോഷങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നത്. സ്ത്രീകള്‍ സാരിയുടുത്തും പുരഷന്‍മാര്‍ മുണ്ടുടുത്തും പരിപാടികളില്‍ നിറഞ്ഞ് നില്‍ക്കുന്നു. കേരളത്തിലുള്ളവരെക്കാള്‍ മനോഹരമായാണ് പ്രവാസികള്‍ ഓണമാഘോഷിക്കുന്നതെന്നാണ് വസ്തുത.

  കേരളത്തില്‍ ഓണമാഘോഷിക്കുന്നത് അവധിയുടെ ആലസ്യത്തില്‍ ഉണ്ടും ഉറങ്ങിയുമായി മാറിയിരിക്കുന്നു. അത്തപ്പൂക്കളവും ഓണപ്പുടവയും ഓണസദ്യയുമൊക്കെയുണ്ടെങ്കിലും വൈകുന്നേരമാകുമ്പോഴേക്ക് പുരുഷന്‍മാര്‍ മദ്യ സേവയിലും സ്ത്രീകള്‍ ചാനലുകള്‍ക്ക് മുമ്പിലും ചടഞ്ഞു കൂടുന്നു. ഓണക്കളികളും മറ്റു വിനോദങ്ങളും ഒരു പഴയ കാല ഓര്‍മയായി അവശേഷിക്കുന്നു. പുതിയ കാലത്ത് നമ്മുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ നമ്മുടെ ആഘോഷങ്ങളിലും പ്രതിഫലിക്കുന്നു. കൊല്ല വര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങം നല്ല കാലാവസ്ഥയും സമൃദ്ധിയുമുള്ള മാസമാണ്. ചിങ്ങമാസത്തിലെ ഒരു വിളവെടുപ്പ് ഉത്സവമാണ് യഥാര്‍ഥത്തില്‍ ഓണം. ധനികനെയും ദരിദ്രനെയും ഒരു പോലെ കാണാനാകുകയെന്നതത്രെ അതിന്റെ സന്ദേശം.

  നീതിമാനായ ഒരു ചക്രവര്‍ത്തിയോട് കാണിച്ച അനീതിയുടെ കഥ. മഹാബലിയുടെ കഥയാണ് സാധരണയായി ഓണത്തിന്റെ പിന്നിലെ ഐതിഹ്യമായി പറയാറുള്ളത്. കള്ളവും ചതിയുമില്ലാത്ത ഒരു ഭരണകാലത്തെ കുറിച്ചുള്ള നെടുവീര്‍പ്പുകളുമായി ഈ കഥ പാടിയും പറഞ്ഞും ഓരോ ഓണക്കാലവും കടന്നു പോകുന്നു. പുതിയ കാലത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുമ്പോഴും അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആരും ആഗ്രഹിച്ചു പോകുന്നു. പ്രജാക്ഷേമ തല്‍പരനായ ഒരു ഭരണാധികാരിയെ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്.

  ഐതിഹ്യങ്ങളില്‍ അഭിരമിക്കാന്‍ ഇന്നത്തെ തലമുറക്ക് താത്പര്യമില്ല. അവര്‍ മദ്യപാനത്തില്‍ പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലും പുതിയ തരത്തിലുള്ള മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ കോപ്പു കൂട്ടാം എന്ന ചിന്തയിലും മുഴുകിയിരിക്കുകയാണ്. അവര്‍ക്ക് ഓണം വരുന്നത് പലപ്പോഴും ഹര്‍ത്താല്‍ വരുന്നത് പോലെ അവധി ദിനങ്ങളുടെ പ്രതീതിയാണ്. നിര്‍ഭാഗ്യവശാല്‍ ഗള്‍ഫിലെ മലയാളികളുടെ വിയര്‍പ്പു തുള്ളികളാണ് കേരളത്തിലെ പുതിയ തലമുറയുടെ അന്തസ്സില്ലാത്തതും അക്രമാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പണമായെത്തുന്നത്.

  കേരള സര്‍ക്കാര്‍ വിപുലമായി ഓണാഘോഷ പരിപാടികള്‍ നടത്തുന്നുണ്ടെന്നതും തൃപ്പൂണിത്തറയിലെ വര്‍ണ ശബളമായ അത്തച്ചമയ ഘോഷയാത്രയും ഒരു യാഥാര്‍ഥ്യമാണ്. കേരളത്തിലെ ചില ഗ്രാമ പ്രദേശങ്ങളിലെ ക്ലബ്ബുകളുടെയോ ഗ്രാമീണ വായന ശാലകളുടെയോ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങള്‍ ലളിതമായ ചടങ്ങുകളോടെയല്ലെങ്കിലും സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നതും വിസ്മരിക്കുന്നില്ല. അവിടെ ഓണപ്പൂക്കളവും ഓണപ്പാട്ടും ഓണക്കളികളും ഓണ സദ്യയുമുണ്ട്. അത്തരമിടങ്ങളിലാണ് ഓണത്തിന്റെ സന്ദേശം നേരിയ തോതിലെങ്കിലും സഫലമാക്കപ്പെടുന്നത്.