ലക്ഷങ്ങള്‍ വില വരുന്ന വളര്‍ത്തു നായകളെ തെരുവില്‍ തള്ളുന്നു

Posted on: September 15, 2013 1:20 am | Last updated: September 15, 2013 at 1:20 am

കോട്ടക്കല്‍: ലക്ഷങ്ങള്‍ വില വരുന്ന വളര്‍ത്തു നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവാകുന്നു. അസുഖം പിടിപെടുന്നതോടെയാണ് ആളുകള്‍ ഇവയെ തെരുവില്‍ വിടുന്നത്. ഇത്തരം നായകള്‍ നാട്ടുകാരെ ഉപദ്രവിക്കുന്നതും പതിവായിട്ടുണ്ട്. ‘റോട്ട് വീലര്‍’ ഇനത്തില്‍ പെട്ട നായകളെ കഴിഞ്ഞ കാലങ്ങളായി വ്യാപകമായി തെരുവില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മാരകമായി മുറിവേറ്റവയും അസുഖം പിടിച്ചവയുമാണിവ. ഓമനിച്ച് വളര്‍ത്തുന്ന ഇവക്ക് ഏറെ ഭക്ഷണം വേണം. വലുതാവും തോറും ഇതിന്റെ ചെലവ് കൂടും. ഇതിന് കഴിയാത്ത അവസരത്തിലാണ് തെരുവില്‍ വിടുന്നത്. ഭക്ഷണം കിട്ടാതെ വരുമ്പോള്‍ ഇവ ആക്രമണ സ്വഭാവം കാണിക്കും. ചിലര്‍ തീറ്റ നല്‍കി കൂട്ടിലിടുകയല്ലാതെ മറ്റ് കുത്തിവെപ്പുകള്‍ നടത്താറില്ല. വന്‍തുകയാണ് ഇവയുടെ ചികിത്സക്കെന്നതും ഉപേക്ഷിക്കുന്നതിന് കാരണമാകുന്നുണ്ട്. ചില ഇനങ്ങള്‍ പരസ്പരം കടി കൂടിയകാരണത്താല്‍ മുറിവേറ്റതിനാലും തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പെട്ട നായകളെ കോട്ടക്കല്‍ ഭാഗത്ത് കണ്ടെത്തിയിരുന്നു. തെരുവില്‍ അലയുന്ന ഇവ ഭക്ഷണം കിട്ടാതെ വരുമ്പോള്‍ യാത്രക്കാരെ കടിച്ച് പരുക്കേല്‍പ്പിക്കുകയാണ്. ഒരാഴ്ച്ച മുമ്പ് പ്രഭാത സവാരിക്കിറങ്ങിയ അഞ്ച് പേര്‍ക്ക് ചങ്കുവെട്ടി കുണ്ട് ഭാഗത്ത് നിന്നും നായയുടെ കടിയേറ്റിരുന്നു. പേപ്പട്ടിയാണെന്നാണ് അന്ന് ധരിച്ചിരുന്നത്. തെരുവില്‍ ഉപേക്ഷിച്ച വന്‍ വിലയുളള നായയായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വളര്‍ത്തു നായകളെ ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കോട്ടക്കല്‍ നേച്ചര്‍ ക്ലബ്ബ് പ്രവര്‍ത്തകനായ ഹസ്സന്‍കുട്ടി പറയുന്നു.
ഇത്തരത്തില്‍പെട്ട നായകളെ തെരുവില്‍ കണ്ടാല്‍ ആളുകള്‍ വിളിച്ചറിയിക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. ഇവര്‍ പിടികൂടി മൃഗ സംരക്ഷണ വകുപ്പിലെത്തിച്ച് ചികിത്സിക്കുകയാണ് ചെയ്യുന്നത്. തുടര്‍ നടപടി ഇവരെയും വട്ടം കറക്കുകയാണ്. ആരോഗ്യ വിഭാഗം അധികൃതരാണ് നടപടി സ്വീകരിക്കേണ്ടത്. ഇവരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടാകുന്നില്ല.
അതെ അവസരത്തില്‍ ഒരു സമയത്ത് തെരുവില്‍ വെട്ടേറ്റ നിലയില്‍ നായകളെ വ്യാപകമായി കണ്ടെത്തിയിരുന്നതും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നായകളോ, ഇവയുടെ കടിയേറ്റ് പരുക്കേറ്റവയോ എന്നും സംശയിക്കപ്പെടുന്നുണ്ട്. വളര്‍ത്തു നായകളെ വ്യാപകമായി തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവായ സാഹചര്യത്തില്‍ ഇതിനെതിരെ ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ കലക്ടര്‍, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി പരിഹാരം കാണാനാണ് നീക്കം.