തൊഴിലുറപ്പ് പദ്ധതി വനിതകള്‍ക്ക് ഓണക്കോടി; പ്രഖ്യാപനം പാഴ്‌വാക്കായി

Posted on: September 15, 2013 12:15 am | Last updated: September 15, 2013 at 12:15 am

കോഴിക്കോട്: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ്ദിനം തൊഴില്‍ ചെയ്ത വനിതകള്‍ക്കുള്ള ഓണക്കോടി വിതരണം പ്രഹസനമായി. 2012-13 കാലയളവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം തൊഴില്‍ ചെയ്ത വനിതകള്‍ക്ക് ഓണക്കോടി വിതരണം മാര്‍ച്ചിലെ ബജറ്റിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഇത് പ്രകാരം 3,04,000 വനിതകളാണ് ഇതിന് അര്‍ഹരായത്. നൂറ് തൊഴില്‍ ദിനം തികച്ച കുടുംബത്തിലെ മുതിര്‍ന്ന ഒരു വനിതയാണ് ഇതിന്റെ അവകാശി. പ്രഖ്യാപനങ്ങള്‍ കൊട്ടിഘോഷിച്ച് നടത്തുകയും പേരിന് മാത്രം നടത്തി പ്രശംസ പിടിച്ചുപറ്റാനുമുള്ള ശ്രമങ്ങള്‍ പല പദ്ധതികളെയും പോലെ ഇതിനെയും താളം തെറ്റിക്കുകയാണ്. പ്രഖ്യാപനസമയത്ത് ഓണക്കോടി 6.2 മീറ്റര്‍ സാരിയും ബ്ലൗസ് പീസുമായിരുന്നു. ഇതിനായി പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവിനെയും ഹാന്‍ടെക്‌സിനെയും സമീപിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇതിന് തദ്ദേശസ്വയംഭരണവകുപ്പിന്റെ ഭരണാനുമതി ലഭിക്കാന്‍ വൈകിയെന്നും ഇതാണ് പദ്ധതി പാളാന്‍ കാരണമെന്നും അധികൃതരുടെ വിശദീകരണം. കൂടാതെ ജില്ലാതലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ സമിതിയെ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തി ആഗസ്റ്റ് 31ന് ഇറക്കിയ ഉത്തരവും തിരിച്ചടിയായി. ഇന്നലെ മുതല്‍ 14 വരെയാണ് എല്ലാ ജില്ലകളിലുമായി ഓണക്കോടി വിതരണം നടത്താനുള്ള പുതിയ തീരുമാനം. ആദ്യ ഘട്ടത്തില്‍ മുഴുവന്‍ പേര്‍ക്കും വിതരണം നടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് തിരഞ്ഞെടുത്ത അഞ്ഞൂറ് പേര്‍ക്ക് എന്ന് മാറ്റുകയായിരുന്നു.
ഉദ്ഘാടന ദിവസം ഓരോ ജില്ലയിലും 500 പേര്‍ക്ക് ഓണക്കോടി നല്‍കാനാണ് ഇപ്പോള്‍ തീരുമാനം. പതിനാല് ജില്ലകളിലമായി 7000 ഓണക്കോടികള്‍ 14ന് മുമ്പ് വിതരണം ചെയ്യും. ബാക്കിയുള്ളവര്‍ക്ക് ഓണക്കോടി വാങ്ങാനെന്ന പേരില്‍ നാനൂറ് രൂപ വീതം തൊഴിലാളികളുടെ ബേങ്ക് അക്കൗണ്ടില്‍ രണ്ട് ദിവസത്തിനുള്ളില്‍ നിക്ഷേപിക്കാനുമാണ് തീരുമാനം.
പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ 13.61 കോടി രൂപയാണ് നീക്കിവെച്ചത്. എന്നാല്‍ അക്കൗണ്ട് വഴിയുള്ള പണം എന്ന് ലഭ്യമാകുമെന്നതും അഞ്ഞൂറ് പേരെ എന്ത് മാനദണ്ഡത്തിലാണ് തിരഞ്ഞെടുത്തതെന്നതിലും നൂറ് തൊഴില്‍ ദിനം തികച്ച പുരുഷന്മാരെ ഓണക്കോടിക്കായി പരിഗണിക്കാതിരുന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
ടെന്‍ഡര്‍ നടപടികളില്‍ വ്യക്തമായ തീരുമാനത്തിലെത്തിയത് ഉദ്ഘാടന ദിവസത്തിന്റെ തലേദിവസമാണെന്നും വിതരണം ചെയ്യേണ്ട 7000 സാരികള്‍ സജ്ജമാക്കുന്നതിന് ഈ സമയപരിതമിതി തടസ്സമായെന്നും ഹാന്‍വീവ് പ്രതിനിധി സിറാജിനോട് പറഞ്ഞു.
ആദ്യം കൈത്തറി സാരി മാത്രം നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം അവസാനം യന്ത്രത്തറിയായാലും മതിയെന്നും അവസാനം അക്കൗണ്ട് വഴി വിതരണം എന്ന അവസ്ഥയിലുമെത്തി.