Connect with us

Kasargod

ജില്ലയില്‍ സംഘര്‍ഷത്തിനു ശ്രമിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പോലീസിനു നിര്‍ദേശം

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പോലീസിന് കര്‍ശന നിര്‍ദേശം. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സില്‍ കണ്ണൂര്‍ റേഞ്ച് ഐ ജി സുരേഷ് രാജ് പുരോഹിത് ആണ് ഈ നിര്‍ദേശം നല്‍കിയത്.
ഐ ജിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം കാസര്‍കോട്ടെത്തുന്നത്. കോണ്‍ഫറന്‍സില്‍ പ്രിന്‍സിപ്പല്‍ എസ് ഐമാര്‍ മുതല്‍ ജില്ലാ പോലീസ് ചീഫ് വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രസംഗം അതിന്റെ വഴിക്കും ജനമൈത്രി പോലീസ് അതിന്റെ പ്രവര്‍ത്തനങ്ങളുമായും മുന്നോട്ടു പോകട്ടെയെന്നും ക്രമസമാധാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഇതൊന്നും തടസം നില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളനോട്ട്, ഹവാല, മദ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ അടിസ്ഥാന ദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest