Connect with us

Malappuram

മലപ്പുറത്ത് ഇനി കലയുടെ പടപ്പാട്ട്

Published

|

Last Updated

മലപ്പുറം: മാനം പുഞ്ചിരി തൂകി…മഴ പിന്നണി പാടി…കണ്ണും കാതും കാത്തുവെച്ച രാപകലുകള്‍ സര്‍ഗ സൗന്ദര്യവുമായി വിരുന്നെത്തി. ചരിത്രം കഥപറയുന്ന മലപ്പുറത്തിന്റെ മണ്ണില്‍ ഇരുപതാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് തിരിതെളിഞ്ഞു.
വൈദേശിക ശക്തികള്‍ക്കെതിരെ പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വീറുറ്റ സ്മരകള്‍ നിറയുന്ന മലപ്പുറം കോട്ടക്കുന്നിന് താഴ്‌വാരത്ത് ഇനി കലയുടെ രാപകലുകള്‍. ജില്ലയിലെ കൗമാര പ്രതിഭകള്‍ ഇന്നും നാളെയും എണ്‍പത്തിരണ്ട് മത്സരങ്ങളിലായി മാറ്റുരക്കും. 14 ഡിവിഷനുകളില്‍ നിന്നുള്ള ആയിരത്തി എഴുനൂറോളം പ്രതിഭകളാണ് വരച്ചും എഴുതിയും പാടിയും പറഞ്ഞും വേദികളില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുക. സാഹിത്യോത്സവിന്റെ തുടക്കമറിയിച്ച് ഇന്നലെ വൈകുന്നേരം കിഴക്കേതലയില്‍ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര മലപ്പുറത്തിന് പുതിയ കാഴ്ചയായി. മാപ്പിള സംസ്‌കാരത്തെയും പൈതൃകത്തെയും ഓര്‍മപ്പെടുത്തുന്ന ഫ്‌ളോട്ടുകളും വര്‍ത്തമാന കേരളത്തിന്റെ നേര്‍സാക്ഷ്യങ്ങളും ദഫ്, സ്‌കൗട്ട്, അറബന തുടങ്ങി വൈവിധ്യമാര്‍ന്ന കലാ രൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകി. പ്രധാന വേദിയായ മലപ്പുറം ടൗണ്‍ഹാളിന് മുന്നില്‍ ഘോഷ യാത്ര സമാപിച്ചു. 12 വേദികളിലായിലാണ് മത്സരപരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്.
പി ഉബൈദുല്ല എം എല്‍ എ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍ അഹമദ് ശിഹാബ് തിരൂര്‍ക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ പി എച്ച് തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ക്ലാരി ബാവ മുസ്‌ലിയാര്‍, സി കെ ശക്കീര്‍, മലപ്പുറം നഗരസഭ കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, പ്രൊഫ. കെ എം എ റഹീം, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, വി പി എം ഇസ്ഹാഖ്, എ പി ബശീര്‍ ചെല്ലക്കൊടി, അബ്ദുര്‍റശീദ് നരിക്കോട്, കെ സൈനുദ്ധീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, അബ്ദു ഹാജി വേങ്ങര, മുഹമ്മദ് ഇബ്‌റാഹിം സംബന്ധിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിപി കെ ശാഫി സ്വാഗതവും സി കെ എം ഫാറൂഖ് നന്ദിയും പറഞ്ഞു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നാസ അബ്ദുല്‍ഗഫൂറിന് കെ എം എ റഹീം ഉപഹാരം സമ്മാനിച്ചു.
സാന്ത്വനം മെഡിക്കല്‍ സെന്റര്‍ കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മലപ്പുറം: പാട്ട്, പടയോട്ടം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മാപ്പിള സാഹിത്യങ്ങളില്‍ മലപ്പുറത്തിന്റെ സംഭാവനകള്‍ പങ്കുവെക്കുന്നതായി.

 

Latest