Connect with us

Palakkad

കുടുംബശ്രീ ഓണച്ചന്ത: ജില്ലയില്‍ 60 ലക്ഷം രൂപയുടെ വിറ്റുവരവ്

Published

|

Last Updated

പാലക്കാട്: കുടുംബശ്രീ ഓണച്ചന്തകളില്‍ മികച്ച വിറ്റുവരവാണുണ്ടായതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലാകെ 60 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായിട്ടുള്ളത്. നഗരത്തില്‍ ജില്ലാതലത്തില്‍ ഒന്നും മുന്‍സിപ്പാലിറ്റിയില്‍ രണ്ടുമായി മൂന്ന് ഓണച്ചന്തകളാണ് കുടുംബശ്രീ ജില്ലാമിഷന്‍ ഒരുക്കിയിരിക്കുന്നത്. കോട്ടമൈതാനത്തുള്ള കുടുംബശ്രീ ജില്ലാ ഓണച്ചന്തയില്‍ 41 സംരഭകരാണ് ഉത്പന്നങ്ങളുമായെത്തിയിട്ടുള്ളത്. മണ്ണിലും മരത്തിലും തീര്‍ത്ത ഓണത്തപ്പന്‍ മുതല്‍ ഓണപ്പൂക്കളത്തിനുള്ള താമര, ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, അരളി എന്നീ പൂക്കളും ഓട്ടുപാത്രങ്ങളും വറുത്തുപ്പേരികളും പഴങ്ങളും പച്ചക്കറികളും തുണിത്തരങ്ങളുമൊക്കെ കുടുംബശ്രീ ഓണച്ചന്തയിലുണ്ട്. ഇളനീര്‍, എണ്ണപ്പലഹാരങ്ങളും കപ്പയും മീന്‍കറികളും ഊണുമെല്ലാം ലഭിക്കുന്ന നാല് കാന്റീനുകളും കുടുംബശ്രീ ചന്തയിലുണ്ട്.
മുളയുത്പന്നങ്ങള്‍, ചിരട്ടകൊണ്ടുള്ള കൗതുകവസ്തുക്കള്‍, ഫാന്‍സി വസ്തുക്കള്‍, കളിക്കോപ്പുകള്‍, കതിര്‍ക്കുലകള്‍ എന്നിവയും കൈത്തറി വസ്ത്രങ്ങളും ഓണച്ചന്തയുടെ പ്രത്യേകതയാണ്. സെപ്തംബര്‍ 11 ന് ആരംഭിച്ച ചന്തയില്‍ ആദ്യദിനം 1,12,750രൂപയുടേയും രണ്ടാംദിനം 1,37,335 രൂപയുടേയും വിറ്റുവരവാണ് ലഭിച്ചത്. മുന്‍സിപ്പാലിറ്റി തലത്തില്‍ രണ്ട് ചന്തകളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് പച്ചക്കറി സ്റ്റാളുകളുള്‍പ്പെടെ 17 സ്റ്റാളുകളുമായി സി ഡി എസ് (നോര്‍ത്ത്) വടക്കന്തറ ദേവീക്ഷേത്രത്തിന് മുന്നിലും 20 സംരംഭകരുമായി സി ഡി എസ് (സൗത്ത്) സ്റ്റേഡിയത്തിലും ഒരുക്കിയ ചന്തകളിലും മികച്ച വിറ്റുവരവാണുള്ളത്.സ്റ്റേഡിയം ചന്തയില്‍ 4,69,775ഉം വടക്കന്തറച്ചന്തയില്‍ 3,74,930 ഉം വിറ്റുവരവുണ്ട്. പഞ്ചായത്തുകളില്‍ ആരംഭിച്ച ഓണച്ചന്തകളും റെക്കോഡ് വിറ്റുവരവാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

 

Latest