Connect with us

Kottayam

എം ജി രജിസ്ട്രാറോട് മൂന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായി വൈസ് ചാന്‍സലര്‍

Published

|

Last Updated

കോട്ടയം: അച്ചടക്ക നടപടിക്ക് വിധേയനായ എം ജി സര്‍വകലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സെപ്തംബര്‍ മൂന്നിന് നിര്‍ദേശം നല്‍കിയിരുന്നതായി വൈസ് ചാന്‍സലര്‍ ഡോ. എ വി ജോര്‍ജ്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ജോലിയില്‍ തിരികെ പ്രവേശിക്കാനും രജിസ്ട്രാറുടെ പേരില്‍ സര്‍വകലാശാല നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാനുമാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലിയില്‍ തിരികെ എത്തണമെന്നും അന്വേഷണത്തിന്റെ ഭാഗമായി കുറച്ച് ദിവസം കൂടി അവധിയില്‍ പ്രവേശിക്കണമെന്നും ഉണ്ണിക്ക് അറിയിപ്പ് നല്‍കിയത്.
എന്നാല്‍ ഇതുവരെ മറുപടി നല്‍കാനോ ജോലിയില്‍ പ്രവേശിക്കാനോ അദ്ദേഹം തയ്യാറായിട്ടില്ലെന്ന് വി സി പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ തിരികെ പ്രവേശിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ ഹാജരാകാതിരുന്ന ദിവസങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും അല്ലാത്ത സാഹചര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
സര്‍വകലാശാലയില്‍ പുതിയ തസ്തികകള്‍ താന്‍ സൃഷ്ടിച്ചത് അധിക സാമ്പത്തിക ബാധ്യത വരുത്താതെ ജോലിഭാരം ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇത് തടഞ്ഞ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നടപടി സര്‍വകലാശാലയുടെ സ്വയംഭരണ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇക്കാര്യത്തില്‍ വ്യാഴാഴ്ച വന്ന ഹൈക്കോടതി വിധി സര്‍വകശാലയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലക്ക് കീഴില്‍ 89 പുതിയ കോളജുകളും നാനൂറോളം കോഴ്‌സുകളും തുടങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയ സാഹചര്യത്തില്‍ എല്ലാ തലങ്ങളിലും ചര്‍ച്ച ചെയ്താണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. ഇതിന് അംഗീകാരം നല്‍കണമെന്നും അംഗീകാരം ലഭിക്കുന്നതുവരെ സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്നുമാത്രമേ ഇവര്‍ക്ക് ശമ്പളം നല്‍കുകയുള്ളൂവെന്നും സര്‍ക്കാറിനെ അറിയിച്ചിരുന്നു.