സിറിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്യണം: പുടിന്‍

Posted on: September 14, 2013 5:00 am | Last updated: September 13, 2013 at 11:39 pm

മോസ്‌കോ: രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സിറിയന്‍ തീരുമാനത്തെ അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്യണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സിറിയന്‍ സര്‍ക്കാറെടുത്ത നിര്‍ണായക തീരുമാനമാണിതെന്നും മാതൃകാപരമായ മുന്നേറ്റമായി ഇതിനെ വിശേഷിപ്പിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഷ്‌കെക്കില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകുമെന്ന് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയന്‍ സൈന്യം വ്യാപകമായി രാസായുധം പ്രയോഗിക്കുന്നുണ്ടെന്ന യു എസ് തീരുമാനത്തെ തുടര്‍ന്ന് റഷ്യ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് രാസായുധം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് സിറിയന്‍ നേതൃത്വം അറിയിച്ചത്. സിറിയയുടെ തീരുമാനത്തെ യു എന്‍ സ്വാഗതം ചെയ്തിരുന്നു.