Connect with us

Kannur

സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് വേതനമില്ലാത്ത ആറ് മാസം

Published

|

Last Updated

കണ്ണൂര്‍: സര്‍ക്കാറില്‍ നിന്നുള്ള ഫണ്ട് യഥാസമയം നേടിയെടുക്കാത്തതു മൂലം സംസ്ഥാനത്തെ സാക്ഷരതാപ്രവര്‍ത്തകര്‍ക്ക് ആറ് മാസത്തോളമായി വേതനമില്ല. വിവിധ ജില്ലകളിലെ 2612 ഓളം പ്രേരക്മാരില്‍ പകുതിയിലധികം പേ ര്‍ ക്കാണ് മാസങ്ങളായി വേതനം ലഭിക്കാത്തത്. സാധാരണയായി തദ്ദേശ സ്ഥാപനങ്ങള്‍ സ്വമേധയാ കൊടുത്തുവരുന്ന വേതനം ഇക്കുറി കൊടുക്കേണ്ടതില്ലെന്ന നിര്‍ദേശമാണത്രെ അധികൃതര്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 31 വരെ സാക്ഷരതാ പ്രേരക്മാര്‍ക്ക് വേതനയിനത്തില്‍ നല്‍കിയ തുക സാക്ഷരതാ മിഷന്‍ യഥാസമയം തിരിച്ചുനല്‍കാത്തതാണ് തദ്ദേശ സ്ഥാപനങ്ങളെ ഫണ്ട് നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശം നേരത്തെ തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നു.

2013 മാര്‍ച്ച് 31 വരെ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയ തുക തിരികെ ലഭിക്കുന്ന മുറക്ക് മാത്രമെ ഫണ്ട് നല്‍കേണ്ടതുള്ളൂവെന്നാണ് തദ്ദേശ വകുപ്പ് പഞ്ചായത്തുകള്‍ക്കും മറ്റും നല്‍കിയ ഉത്തരവ്.
സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതമായി സാക്ഷരതാമിഷന് അനുവദിച്ച 12 കോടി രൂപയില്‍ നിന്ന് ആവശ്യമുള്ള തുക യഥാസമയം വാങ്ങിയെടുക്കാന്‍ സാക്ഷരതാ മിഷന് കഴിയാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. സാക്ഷരതാ മിഷന്റെ പക്കലുണ്ടായിരുന്ന തനത് ഫണ്ട് ഉപയോഗിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമൂലം ഇതില്‍ നിന്നുള്ള വിഹിതം പോലും പ്രേരക്മാരുടെ വേതനത്തിനായി നല്‍കാന്‍ സാധിച്ചില്ല. ഇതോടെ സംസ്ഥാനത്തെ 50 ശതമാനത്തിലധികം പഞ്ചായത്തുകളിലുള്ള പ്രേരക്മാര്‍ക്ക് വേതനം ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകുകയും ചെയ്തു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരു വര്‍ഷത്തോളമായി വേതനം ലഭിക്കാത്ത പ്രേരക്മാരുണ്ട്. ഡെപ്യൂട്ടേഷന്‍ നിയമനങ്ങളും അനാവശ്യ തസ്തികകളുമുണ്ടാക്കിയതും കോടിയിലധികം രൂപയുടെ ഫര്‍ണിച്ചറും മറ്റും വാങ്ങിയതുമെല്ലാം സാക്ഷരതാ മിഷനില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്നാണ് പ്രേരക്മാര്‍ ആരോപിക്കുന്നത്. വേതനം കൃത്യമായി ലഭിക്കാത്തതിന് പുറമെ പ്രേരക്മാര്‍ക്ക് അര്‍ഹമായ പ്രത്യേക അലവന്‍സുകളും ഇക്കുറി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഓണക്കാലത്ത് ലഭിക്കുന്ന പ്രത്യേക അലവന്‍സാണ് നിഷേധിക്കപ്പെട്ടത്. ഓണറേറിയത്തിന് തുല്യമായ അലവന്‍സ് കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രേരക്മാര്‍ക്ക് ലഭിച്ചുവരുന്നതായിരുന്നു. ഹോണറേറിയത്തിന്റെ കൂടെ ലഭിക്കേണ്ട 740 രൂപ മുതല്‍ 940 രൂപ വരെയാണ് ഇക്കുറി നിഷേധിക്കപ്പെട്ടത്. സാധാരണ നിലയില്‍ ബ്ലോക്ക് വികസന കേന്ദ്രങ്ങളിലെ പ്രേരക്മാര്‍ക്ക് 3040 ഉം പഞ്ചായത്തുതലത്തില്‍ 2340ഉം രൂപ മാത്രമാണ് ഓണറേറിയമായി ലഭിക്കുന്നത്. ഇതിന്റെ കൂടെയാണ് സ്‌പെഷ്യല്‍ അലവന്‍സ് ലഭിക്കേണ്ടിയിരുന്നത്.
സംസ്ഥാനത്തെ 2612 ഓളം സാക്ഷരതാ പ്രേരക്മാരില്‍ ഭൂരിഭാഗം പേരും മറ്റ് തൊഴിലുകളൊന്നുമില്ലാതെ മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്തുന്നവരാണ്. കുടുംബഭാരം ചുമലിലേറ്റേണ്ടിവരുന്ന ഇവര്‍ക്ക് വേതനമോ പ്രത്യേക അലവന്‍സോ കൃത്യമായി ലഭിക്കാത്തത് അക്ഷരാര്‍ഥത്തില്‍ ഇവരുടെ കുടുംബങ്ങളെ പട്ടിണിയിലേക്കാണ് തള്ളിവിടുന്നത്.