എല്‍ പി ജി ടാങ്കര്‍ സമരം: പാചക വാതക ക്ഷാമം രൂക്ഷം

Posted on: September 14, 2013 6:10 am | Last updated: September 13, 2013 at 11:13 pm

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും പാചക വാതക ക്ഷാമം രൂക്ഷം. ഓണക്കാലത്ത് പാചകവാതകം ഇല്ലാത്തിനാല്‍ ജനം നെട്ടോട്ടമോടുകയാണ്. കൊല്ലം പാരിപ്പള്ളിയിലെ ഐ ഒ സി പ്ലാ ന്റിലെ ട്രക്ക് തൊഴിലാളികള്‍ നടത്തിവരുന്ന സമരമാണ് പാചകവാതക വിതരണം താറുമാറാക്കിയത്. ട്രക്ക് തൊഴിലാളികളുടെ സമരം അഞ്ചാം ദിനവും തുടരുമ്പോ ള്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബോണസ് ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. പാരിപ്പള്ളി ഐ ഒ സി പ്ലാന്റിലെ 120 ട്രക്കുകളിലെ ഡ്രൈവര്‍മാരും ക്ലീനര്‍മാരും സിലിന്‍ഡര്‍ കയറ്റിറക്കുകാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ബോണസ് ഐ ഒ സിയാണോ ട്രക്ക് ഉടമകളാണോ നല്‍കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം തുടരുന്നത്. കഴിഞ്ഞ വര്‍ഷം നല്‍കിയ പതിനായിരം രൂപ ബോണസ് ഇത്തവണയും നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സമരം തുടരുന്നതോടെ തെക്കന്‍ ജില്ലകളിലെ പാചകവാതക വിതരണം പൂര്‍ണമായും നിലച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പാചകവാതകവിതരണമാണ് പൂര്‍ണമായും നിലച്ചത്. 60,000 ത്തോളം ഉപഭോക്താക്കളാണ് സമരം മൂലം പാചകവാതകം ലഭിക്കാതെ ഗ്യാസ് ഏജന്‍സികളില്‍ നിന്ന് മടങ്ങുന്നത്. തിരുവനന്തപുരത്ത് മാത്രമായി 10,000 ത്തോളം പേര്‍ക്ക് പാചകവാതകം ലഭിക്കാനുണ്ട്. കരാര്‍ എടുത്ത കമ്പനികളുടെ കടുംപിടിത്തമാണ് സമരം തുടരാന്‍ കാരണമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്ത് മാത്രമായി അഞ്ച് ലക്ഷത്തോളം ഐ ഒ സി ഉപഭോക്താക്കളാണുള്ളത്. ഉദയംപേരൂര്‍ പ്ലാന്റില്‍ സമരമൊന്നുമില്ലെങ്കിലും പാരിപ്പള്ളിയിലെ സമരം മധ്യകേരളത്തെയും ബാധിച്ചു.
ഇപ്പോള്‍ സംസ്ഥാനത്ത് പാചകവാതകം ലഭ്യമാകാന്‍ 30മുതല്‍ 40 വരെ ദിവസം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. അതിനിടയിലാണ് സമരവും. ഇപ്പോള്‍ സമരം തീര്‍ന്നാല്‍ തന്നെ പാചകവാതക വിതരണം സാധാരണ നിലയിലാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും.

എസ്മ പ്രയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം:പാരിപ്പള്ളി ഐ ഒ സി പ്ലാ ന്റില്‍ നിന്ന് പാചക വാതകം വിതരണം ചെയ്യാന്‍ തയ്യാറാകാതെ സമരത്തിലേര്‍പ്പെട്ട ട്രക്കുകള്‍ എസ്മ പ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി അടിയന്തര നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നേരത്തെ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കലക്ടര്‍ ഇന്നലെ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമാണ് ഉത്തരവ്.

പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരുമായി സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ മന്ത്രി വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുകയും അവരുടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ആ ചര്‍ച്ചയില്‍ ലോറി ഉടമകള്‍ പങ്കെടുത്തില്ല. അവരാണ് ഇപ്പോള്‍ സമരവുമായി രംഗത്തുള്ളത്. തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്‌നത്തിന് പരിഹാരമായിക്കഴിഞ്ഞു. കഴിഞ്ഞ പ്രാവശ്യം കൊടുത്ത തുക അഡ്വാന്‍സായി അവര്‍ ഇപ്പോള്‍ വാങ്ങും. അതിന് ശേഷം എന്തു വേണം എന്ന കാര്യവും ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. അതവര്‍ അംഗീകരിച്ചു. എന്നാല്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ കരാറുകാര്‍ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന കാര്യം വ്യക്തമല്ല. പക്ഷേ, ഇന്നലെ ചര്‍ച്ചക്ക് ക്ഷണിച്ചപ്പോഴാണ് അവര്‍ സഹകരിക്കുന്നില്ലെന്ന് അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതു വിധത്തിലും സഹകരിക്കാന്‍ ഐ ഒ സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ആവശ്യമായ സിലിന്‍ഡറുകള്‍ എത്തിക്കണമെന്ന് അവരോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സിലിന്‍ഡറുകളുമായി മൂന്ന് ലോറികള്‍ തിരിച്ചുകഴിഞ്ഞു. എന്നാല്‍ അതിര്‍ത്തിയില്‍ കടന്നുവരാന്‍ ചില സാങ്കേതിക പ്രശ്‌നം ഉണ്ടാകുമോ എന്നവര്‍ സംശയം ഉന്നയിച്ചു. വാഹനത്തില്‍ കമ്പനിയുടെ ഒറിജിനല്‍ രേഖയില്ല. പകരം കോപ്പിയാണുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനറോട് വേണ്ട നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ ഒരു ഉദ്യോഗസ്ഥനെ അമരവിള ചെക്ക്‌പോസ്റ്റിലേക്ക് അയച്ചിട്ടുണ്ട്. അവിടെ ഗ്യാസ് സിലിന്‍ഡറുമായി വരുന്ന വാഹനങ്ങള്‍ യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ കേരളത്തിലേക്ക് കടത്തിവിടാന്‍ നി ര്‍ദേശം നല്‍കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് പരമാവധി ഗ്യാസ് എത്തിക്കും. ഇവിടെ നിന്ന് പരമാവധി വണ്ടികള്‍ പിടിച്ചെടുത്താണെങ്കിലും വിതരണത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.